പാലാ: വലവൂർ-പാലക്കാട്ടുമല റോഡ് കണ്ടില്ലേ... കുഴി തന്നെ കുഴി. ആകെത്തകർന്ന റോഡിലൂടെ കാൽനട യാത്രപോലും അസാധ്യം. കരൂർ, മരങ്ങാട്ടുപള്ളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലവൂർ-പാലക്കാട്ടുമല റോഡിന്റെ സ്ഥിതി ഏറെക്കാലമായി ദയനീയമാണ്. പല ഭാഗങ്ങളിലും ടാറിംഗ് പോലും ഇല്ലാത്ത അവസ്ഥയാണ്. മെറ്റിലുകൾ ഇളകികിടക്കുന്ന റോഡിൽ തെറ്റിവീണ് കാൽനടയാത്രക്കാർക്ക് പരിക്കുപറ്റുന്നതും പതിവായി.
റോഡ് ടാറ് കണ്ടിട്ട് പത്തുവർഷമെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് ജനങ്ങൾ പറയുന്നത്. ഗർത്തങ്ങൾ രൂപപ്പെട്ട റോഡിലൂടെ ചെറുവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണിന്ന്. റോഡ് നന്നാക്കേണ്ട പി.ഡബ്ലി.യു.ഡി പാലാ റോഡ്‌സ് വിഭാഗം അധികാരികൾ ഇവിടേയ്ക്ക് തിരിഞ്ഞുനോക്കുന്നേയില്ലെന്നാണ് ആക്ഷേപം. ജനപ്രതിനിധികളെക്കുറിച്ചും നാട്ടുകാർക്ക് പരാതിയുണ്ട്. ഒാരോ തെരഞ്ഞെടുപ്പ് കാലത്തും വാഗ്ദാനവുമായി എത്തുന്ന ജനപ്രതിനിധികൾ റോഡിന്റെ കാര്യത്തിൽ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

വലവൂരിൽ നിന്ന് കോഴിക്കൊമ്പ്, ആണ്ടൂർ ഭാഗങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും നിത്യേന നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റോഡിനോടാണ് അധികാരികളുടെ അനാസ്ഥ.

 ഇനിയും വൈകിക്കരുത്

ആകെത്തകർന്ന വലവൂർ-പാലക്കാട്ടുമല റോഡ് എത്രയുംവേഗം നന്നാക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി കളരിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. സിറിയക് ജെയിംസ്, തോമസ് ഗുരുക്കൾ, കെ.എസ്. അജി, രാധാകൃഷ്ണൻ, ടി.കെ.ശശിധരൻ എന്നിവർ സംസാരിച്ചു.