പൊൻകുന്നം:ദേശീയ പാതയിൽ പൊൻകുന്നം വൈദ്യുതി ഓഫീസിന് സമീപം ഇരുചക്രവാഹനത്തിൽ തട്ടിയ കാർ നിയന്ത്രണംവിട്ട് സ്‌പെയർപാർട്‌സ് കടയിലേയ്ക്ക് ഇടിച്ച് കയറി. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു അപകടം.കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും പൊൻകുന്നത്തേയ്ക്ക് എത്തിയ കാറാണ് നിയന്ത്രണം തെറ്റി കടയിലേയ്ക്ക് ഇടിച്ചുകയറിയത്. കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി പൊൻകുന്നം പൊലീസ് പറഞ്ഞു.ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. കാറിലുണ്ടായിരുന്ന ഒരാൾക്കും സ്‌കൂട്ടർ യാത്രികനുമാണ് പരിക്കേറ്റത്. ഇരുവരേയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മതിൽ തകർത്ത് വീട്ടുമുറ്റത്തേയ്ക്ക് ഇടിച്ചിറങ്ങിയും അപകടമുണ്ടായി. .പിപി റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം തകടിയേൽ സ്റ്റോഴ്‌സ് ഉടമ കലേഷ് കുമാറിന്റെ വീട്ടുമുറ്റത്തേക്കാണ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയത്. ഇന്നലെ പുലർച്ചെ 4.30 ഓടെയാണ് അപകടം.സംഭവത്തിൽ ആർക്കും പരിക്കില്ല.