കോട്ടയം: മെഡിക്കൽ കോളേജ് വാർഡുകളിലെ പ്രവേശന കവാടത്തിൽ ഇലക്ട്രോണിക് സംവിധാനമായ സെൻസർ ഉപയോഗിച്ചുള്ള (സ്വൈപ്) ഗേറ്റ് സ്ഥാപിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ്. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.പി ജയകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജീവനക്കാർക്കോ, രോഗികളോ, കൂട്ടിരിപ്പുകാർക്കോ അകത്തേയ്ക്ക് പ്രവേശിപ്പിക്കണമെങ്കിൽ സെൻസർ സംവിധാനമുള്ള ഗേറ്റിലൂടെ മാത്രമേ കഴിയൂ. അതിനായി ജീവനക്കാർക്കും, രോഗികളുടെ കൂട്ടിരിപ്പുകാർക്കും സ്വൈപ് കാർഡ് നൽകും. പ്രവേശനത്തിനും പുറത്തേയ്ക്ക് പോകുവാനും ഓരോ കവാടങ്ങൾ മാത്രം മതിയെന്നും തീരുമാനിച്ചു. സുരക്ഷാ ജീവനക്കാരെ കൂടുതലായി നിയമിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ, നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ യുവതി തട്ടിക്കൊണ്ടുപോയിരുന്നു. ഈ സംഭവത്തെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ആശുപത്രി സന്ദർശിക്കുകയും, അന്വേഷണത്തിന് അഡീഷണൽ ചീഫ് സെക്രട്ടറിയെ നിയോഗിക്കുകയും ചെയ്തിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പകരം, ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യൂവാണ് അന്വേഷണ കമ്മീഷനായി എത്തിയത്.