വൈക്കം: സംസ്ഥാന വ്യവസായ വകുപ്പ് മന്ത്റി പി.രാജീവ് വൈക്കം തോട്ടുവക്കത്ത് കെ.വി.കനാലോരത്തെ വീട്ടിലെ കുളത്തിൽ നടത്തിയ വരാൽ കൃഷി വൻവിജയം. ഇന്നലെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വിളവെടുപ്പ് നടത്തിയത്. പത്ത് സെന്റ് വിസ്തീർണമുള്ള കുളത്തിൽ 1300 വരാൽകുഞ്ഞുങ്ങളെയാണ് വളർത്തിയത്. പ്രോട്ടിൻ കൂടുതൽ ലഭിക്കുന്ന മത്സ്യതീ​റ്റയാണ് വരാലുകൾക്ക് നൽകിയത്. ആറു മാസം പിന്നിട്ടപ്പോൾ വരാൽ മുക്കാൽ കിലോയോളം വളർന്നു. വിപണിയിൽ വരാലിന് കിലോയ്ക്ക് 400 രൂപയാണ് വില. മുമ്പ് നടത്തിയ ഗിഫ്​റ്റ് തിലോപ്പിയ കൃഷിയും വൻ വിജയമായിരുന്നു. മത്സ്യകൃഷിയുടെ വിജയത്തിനായി മന്ത്റി പി.രാജീവിന്റെ ഭാര്യയും കുസാ​റ്റിലെ പ്രൊഫസറുമായ വാണികേശ്വരി , മക്കളായ ഹൃദ്യ, ഹരിത, സി.പി.എം വൈക്കം ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി എം.സുജിൻ,എറണാകുളം സ്വദേശി അനിൽ, ഫാമിലെ തൊഴിലാളിയും തമിഴ്‌നാട് സ്വദേശിയായ കുമാർ എന്നിവരുടെ പിൻബലമുണ്ട്.