manimalayaar

മുണ്ടക്കയം : മണിമലയാറ്റിലെ കയങ്ങളിൽ ഇരതേടി വളരെയധികം മുണ്ടികൾ വന്നിരിക്കുമായിരുന്നു. ഇങ്ങനെ മുണ്ടികൾ കയങ്ങളിൽ വന്നിരിക്കാൻ തുടങ്ങിയതോടെ ഈ സ്ഥലത്തിന് മണ്ടികയം എന്ന് പേരിട്ടു പൂർവികർ. പിന്നീട് ഇത് ലോപിച്ച് മുണ്ടക്കയം എന്ന പേരുണ്ടായി. അത്രത്തോളം ബന്ധമാണ് മണിമലയാറും, മുണ്ടക്കയവും തമ്മിലുള്ളത്. എന്നാൽ ഇന്ന് മണിമലയാറ്റിൽ മുണ്ടികളെ കാണാറില്ല. ഒക്ടോബറിലെ മഹാപ്രളയത്തോടെ കയങ്ങളും അപ്രത്യക്ഷമായി. ആറിന്റെ ഓരോ പ്രദേശത്തിനും കയങ്ങളുമായി ബന്ധപ്പെട്ട പേരുകളാണ് നൽകിയിരുന്നത്. ലക്ഷ്മിക്കയം, ചത്തകയം, മുളങ്കയം, ഉപ്പുനീറ്റ്കയം, മൂരികയം ഇങ്ങനെ പോകുന്നു പേരുകൾ.

കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിൽ

വേനൽക്കാലത്ത് മണിമലയാറിനെ ആശ്രയിച്ചാണ് പല കുടിവെള്ള പദ്ധതികളും പ്രവർത്തിക്കുന്നത്. കൂടാതെ സമീപവാസികൾ കുളിക്കുന്നതിനും, മറ്റ് ആവശ്യങ്ങൾക്കും ഇവിടുത്തെ ജലം ഉപയോഗിച്ചിരുന്നു. വേനലിൽവരെ നിറഞ്ഞുകവിഞ്ഞു കിടന്ന് കയങ്ങളായിരുന്നു ആശ്രയം. എന്നാൽ കായങ്ങൾ അപ്രത്യക്ഷമായതോടെ ജലദൗർലഭ്യവും തുടങ്ങി. ഇത് പല കുടിവെള്ള പദ്ധതികളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു.

കല്ലും മണ്ണും നീക്കം ചെയ്യണം

പ്രളയത്തിൽ മണിമലയാറ്റിൽ വന്ന അടിഞ്ഞ കല്ലും, മണ്ണും നീക്കംചെയ്യണമെന്ന ആവശ്യം ശക്തമായി. ഇത് ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്.