കോട്ടയം: ക്ഷീരവികസന വകുപ്പിന് പുതിയ ദിശാബോധവും ഉണർവും പകരുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പാമ്പാടി ബ്ലോക്ക് ക്ഷീര കർഷക സംഗമവും ളാക്കാട്ടൂർ ക്ഷീരസംഘം ഫാർമർ ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര സഹകരണ സംഘങ്ങളെ നയിക്കുന്നതിന് വനിതാ ക്ഷീര കർഷകരുടെ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കന്നുകാലി പ്രദർശന മത്സരത്തിൽ കറവപ്പശു, കിടാരി, കന്നുകുട്ടി വിഭാഗങ്ങളിൽ ആദ്യമൂന്നു സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
ക്ഷീരകർഷക മേഖലയിൽ ഏറ്റവും കൂടുതൽ തുക ( 39 ലക്ഷം) വകയിരുത്തിയ ബ്ലോക്കു പഞ്ചായത്തിനേയും പാമ്പാടി ഗ്രാമപഞ്ചായത്തിനേയും (10 ലക്ഷം) ക്ഷീരകർഷക സംഘങ്ങളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന 27 കർഷകരെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീലാ ചെറിയാൻ (കൂരോപ്പട), ജാൻസി ബാബു (അകലക്കുന്നം), ആശാ ഗിരീഷ് (പള്ളിക്കത്തോട്), ജനപ്രതിനിധികളായ ബെറ്റി റോയി, സി.എം. മാത്യു, പ്രേമ ബിജു, ഗോപി ഉല്ലാസ്, ക്ഷീര വികസന ഓഫീസർ വിജി വിശ്വനാഥ്, ളാക്കാട്ടൂർ ക്ഷീരോദ്പാദക സഹകരണ സംഘം പ്രസിഡന്റ് ജോയിമോൻ ജെ. വാക്കയിൽ, ഉദ്യോഗസ്ഥർ, ക്ഷീരസംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.