പാലാ: അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പ്രായോഗികതലത്തിൽ സാധാരണ വിദ്യാർഥികൾക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ സഹായത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയായ അടൽ ടിങ്കറിംഗ് ലാബ് ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്‌കൂളിൽ തയാറായി. കേന്ദ്രസർക്കാർ 20 ലക്ഷം രൂപ മുടക്കി ഒരുക്കിയിട്ടുള്ള ലാബിന്റെ ഉദ്ഘാടനം 15ന് രാവിലെ 11ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. അംബികാ എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഡോ. എൻ.കെ. മഹാദേവൻ അദ്ധ്യക്ഷത വഹിക്കും. രാജ്യസഭാ എം.പി ജോസ്.കെ മാണി മുഖ്യപ്രഭാഷണം നടത്തും. അടൽ ടിങ്കറിംഗ് ലാബ് നോഡൽ ഹബ് പ്രഖ്യാപനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിക്കും. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എസ്. ലളിതാംബിക, കടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിബി ജോസഫ് ചക്കാലക്കൽ തുടങ്ങിയവർ ആശംസകൾ നേരും. അംബികാ വിദ്യാഭവൻ പ്രസിഡന്റ് ഡോ.എൻ.കെ. മഹാദേവൻ, വൈസ് പ്രസിഡന്റ് ടി.എൻ സുകുമാരൻ നായർ, സെക്രട്ടറി കെ. എൻ. പ്രശാന്ത് കുമാർ, അഡ്മിനിസ്‌ട്രേറ്റർ ബിജു കൊല്ലപ്പിള്ളി, സ്‌കൂൾ വികസന സമിതി കൺവീനർ സോമവർമ്മ രാജാ, പ്രിൻസിപ്പാൾ സി.എസ്. പ്രദീഷ് തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.
അടൽ ടിങ്കറിംഗ് ലാബ്
ചെറുപ്പത്തിൽത്തന്നെ സാങ്കേതിക അറിവുകൾ നേടുന്നതിനും അടുത്ത തലമുറയിലെ സാങ്കേതിക രംഗത്തെ നേതൃത്വം ഏറ്റെടുക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്നതിനുമായി അടൽ ഇന്നോവേഷൻ മിഷൻ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ നടപ്പിലാക്കുന്ന സംരംഭമാണ് അടൽ ടിങ്കറിങ് ലാബ്.
6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കളികളിലൂടെ ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള പ്രവർത്തനസ്ഥലമാണിത്. സ്വയം പ്രവർത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ സയൻസ്, ഇലക്ട്രോണിക്‌സ് & റോബോട്ടിക്‌സ് കിറ്റുകളും സ്വതന്ത്ര മൈക്രോകൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3 ഡി പ്രിന്ററുകൾ, ഡ്രോണുകൾ, ടെലിസ്‌കോപ്പുകൾ, കമ്പ്യൂട്ടറുകൾ മുതലായവ ഉൾപ്പെട്ടതാണ് ടിങ്കറിങ് ലാബ്.