കോട്ടയം : നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന തിരുനക്കര ബസ് സ്റ്റാൻഡ് യാത്രക്കാർ സമ്മാനിക്കുന്നത് ദുരിതം മാത്രം. ഇരിപ്പിടങ്ങൾ ഭൂരിഭാഗവും ഉപയോഗശൂന്യമായി. ഹൈമാസ്‌ലൈറ്റും, സോളാർ വിളക്കുകളും മിഴിയടച്ചതോടെ സന്ധ്യയ്ക്ക് ശേഷം സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടമാണ്. ഭയത്തോടെയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇവിടെ ബസ് കാത്തുനിൽക്കുന്നത്. സ്റ്റാൻഡിലെ തൂണുകളുടെ മുകളിൽ അനൗൺസ്‌മെന്റിനായി സ്ഥാപിച്ചിരിക്കുന്ന സ്പീക്കറുകളിൽ പക്ഷികൾ കൂടുകൂട്ടിയിരിക്കുകയാണ്. യാത്രക്കാരുടെ ദേഹത്തേക്ക് പക്ഷികളുടെ കാഷ്ടം വീഴുന്നത് പതിവാണ്. ഇരിപ്പിടത്തിലെ വളഞ്ഞ് ഉപയോഗശൂന്യമായ കമ്പികൾ മോഷണം പോകുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. പകൽസമയങ്ങളിൽ പിങ്ക് പൊലീസിന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ടെങ്കിലും സ്ത്രീകൾ വേണ്ടത്ര സംരക്ഷിതരല്ലെന്ന വാദവും ഉയരുന്നുണ്ട്.

ലക്ഷങ്ങൾ കണ്ണടച്ചു

ടാക്‌സി ഡ്രൈവർമാർ ഉൾപ്പെടെയാണ് വെളിച്ചക്കുറവ് മൂലം അനുഭവപ്പെടുന്നത്. 2013, 14 വർഷത്തിൽ സ്വകാര്യകമ്പനിയുടെ മേൽനോട്ടത്തിലാണ് നാലരലക്ഷം രൂപ മുടക്കിയാണ് വിളക്കുകൾ സ്ഥാപിച്ചത്. 2013 ൽ എം.പി.സന്തോഷ് കുമാർ ചെയർമാൻ ആയിരിക്കെ നവീകരണത്തോടനുബന്ധിച്ചാണ് ഇരിപ്പിടങ്ങൾ ഘടിപ്പിച്ചത്. തൂണുകൾക്ക് ചുവട്ടിൽ ഇരിപ്പിടങ്ങൾ ഒരുക്കുകയും, പോസ്റ്റർ ഒട്ടിച്ചു വൃത്തികേടാക്കാതിരിക്കാൻ തൂണുകളിൽ ടൈൽ ഒട്ടിക്കുകയും ചെയ്തിരുന്നു.

ഇവരെ പേടിച്ചാരും ഇതുവഴി വരില്ല
തിരുനക്കരയും പരിസരപ്രദേശങ്ങളും മദ്യപരുടെയും പൂവാലന്മാരുടെയും വിഹാര കേന്ദ്രമാണ്. സമീപത്ത് പൊലീസ് എയ്ഡ്‌പോസ്റ്റ് ഉണ്ടെങ്കിലും നോക്കുകുത്തിയാണെന്നാണ് ആക്ഷേപം. മദ്യപിക്കാനായി യാത്രക്കാരിൽ നിന്ന് പണം യാചിക്കുന്നത് നിത്യസംഭവമാണ്. മദ്യപസംഘം തമ്മിൽ സംഘർഷമുണ്ടായാലും മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസ് എത്തുന്നത്.