rape

കോട്ടയം: സോഷ്യൽ മീഡിയ വഴി പങ്കാളികളെ കൈമാറുന്നതിനെക്കുറിച്ച് രണ്ട് വർഷം മുമ്പ് പരാതി നൽകിയെങ്കിലും പൊലീസ് ഗൗരവമായെടുത്തില്ലെന്ന് യുവതിയുടെ സഹോദരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് ഇന്നലെ ഇദ്ദേഹം പരാതി നൽകി.

ഭർത്താവിന്റെ ലൈംഗിക വൈകൃതത്തെക്കുറിച്ചും മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിടാനായി പീഡിപ്പിക്കുന്നതിനെ കുറിച്ചും യുവതി പരാതി നൽകിയപ്പോൾ ഭർത്താവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തമാശ പറഞ്ഞതാണെന്നും ഇങ്ങനെയൊക്കെ ഏതെങ്കിലും ഭർത്താവ് ഭാര്യയോട് പറയുമോ എന്നു ചോദിച്ച് അയാൾ ആരോപണം ചിരിച്ചു തള്ളുകയായിരുന്നു. ഇരുവർക്കും കൗൺസലിംഗ് നൽകി പൊലീസ് വിട്ടയച്ചു. തുടർന്ന് സ്‌നേഹം പ്രകടിപ്പിച്ച ഭർത്താവ് വീണ്ടും ലൈംഗിക വൈകൃതങ്ങൾ തുടരുകയും ഭീഷണിപ്പെടുത്തി മറ്റുള്ളവർക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു. അന്നത്തെ പരാതി അന്വേഷിച്ചിരുന്നെങ്കിൽ യുവതി ഇത്രയും ക്രൂരമായ പീഡനങ്ങൾക്കിരയാവില്ലായിരുന്നെന്ന്‌ സഹോദരൻ പറഞ്ഞു.

യുവതി വഴങ്ങാനായി കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അമ്മ വിചാരിച്ചാൽ കൂടുതൽ പണം ലഭിക്കുമെന്ന് കുട്ടികളോട് പറയുകയും ചെയ്തുവെന്ന് ഇദ്ദേഹം അറിയിച്ചു. ഇരയായ മറ്റു സ്ത്രീകൾ ഭയം കാരണം പുറത്തുപറയാത്തതാണ്.

നേരത്തെ നൽകിയ പരാതി കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അന്ന് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടുമെന്നും ജില്ലാ പൊലീസ് മേധാവി ഉറപ്പുനൽകിയതായി സഹോദരൻ വെളിപ്പെടുത്തി.

വീട്ടിൽ ഉത്തേജക മരുന്നുകൾ


യുവതിയുടെ ഭർത്താവിനെ ഇന്നലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ലൈംഗിക ഉത്തേജക മരുന്നുകളും മറ്റും കണ്ടെടുത്തു. ഇയാൾ ഉൾപ്പെടെ അറസ്റ്റിലായ ആറു പേരെയും കോടതി റിമാൻഡ് ചെയ്തു. സംസ്ഥാന വ്യാപകമായി കപ്പിൾസ് സ്വാപ്പിംഗ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 14 ഗ്രൂപ്പുകളെ കണ്ടെത്തി. യുവതിയുടെ പരാതിയിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. വിദേശത്തേക്ക് കടന്ന കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. ബലാത്സംഗം, പ്രേരണകുറ്റം, പ്രേരകന്റെ സാന്നിദ്ധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രണ്ട് ഡസനോളം ആളുകൾ നിരീക്ഷണത്തിലുണ്ട്.