
കോട്ടയം: കേരളത്തിലെ നാടൻ മൽസ്യമായ കാരിക്ക് പ്രത്യേകമായ ശാസ്ത്ര നാമം ലഭിച്ചു. ഹെറ്റ്രോന്യനൂസ്റ്റ്യസ് ഫസ്‌കസ് എന്നാണ് ഇതിനെ നാമകരണം ചെയ്തത്. തമിഴ്‌നാട്ടിലെ തരങ്കമ്പാടിയിലുള്ള ബ്രൌൺ, ചോക്ക്‌ലേറ്റ് നിറങ്ങളിൽ കാണപ്പെടുന്ന കാരിയുടെ ശാസ്ത്രീയ നാമമായ ഹെറ്റ്രോന്യനൂസ്റ്റ്യസ് ഫോസിലിസ് എന്ന പേരിലാണ് ഇതുവരെ കേരളത്തിലെ കറുത്ത കാരിയും അറിയപ്പെട്ടിരുന്നത്.
കോട്ടയം ഗവൺമെന്റ് കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. മാത്യുസ് പ്ലമൂട്ടിൽ ആണ് കേരളത്തിലെ കറുത്ത നിറത്തിലുള്ള കാരി മത്സ്യത്തെപ്പറ്റി ശാസ്ത്രീയ, വർഗ്ഗീകരണ പഠനം നടത്തി തമിഴ്‌നാട്ടിലെ കാരിയിൽ നിന്ന് വിഭിന്നമാണെന്ന് കണ്ടെത്തിയത്. ഇതോടെ പുതിയ ശാസ്ത്രീയ നാമം കൊടുത്തു. പത്തനംതിട്ടയിലെ നീർച്ചാലിൽ നിന്ന് ശേഖരിച്ച കാരിയാണ് വിദഗ്ദ്ധ പഠനങ്ങൾക്ക് വിധേയമാക്കിയത്. സാധാരണയായുള്ള വർഗീകരണ ശാസ്ത്രരീതികൾ കൂടാതെ ഡി.എൻ.എ, ബാർ കോഡിംഗ് ഉൾപ്പെടെയുള്ള തൻമാത്ര തലത്തിലുള്ള ശാസ്ത്രീയ പഠന രീതികളും അവലംബിച്ചു.
പഠനവിധേയമാക്കിയ കാരി മത്സ്യത്തിന്റെയും ഡി.എൻ.എ പഠനത്തിന്നു തിരഞ്ഞെടുത്ത കാരിയുടെയും സാമ്പിളുകൾ ഇന്ത്യ മ്യുസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കറുത്തകാരിക്ക് നൽകിയ പുതിയ ശാസ്ത്രീയ നാമത്തിന് അന്താരാഷ്ട്ര ജന്തുശാസ്ത്ര നാമകരണ ഏജൻസിയായ ഐ.സി.ഇസഡ്.എന്നിന്റെ സൂബാങ്ക് രജിസ്റ്റർ നമ്പർ ലഭിച്ചിട്ടുണ്ട്.
കേരളത്തിനു പ്രിയങ്കരി
സംസ്ഥാനത്തെ അരുവികളിലും പാടങ്ങളിലും ചതുപ്പു നിലങ്ങളിലുമാണ് കാരി മത്സ്യം സാധാരണയായി കണ്ടുവരുന്നത്. കൊഴുപ്പു കുറഞ്ഞതും രുചിയുള്ളതും പോഷക സമൃദ്ധവുമായ മാംസമായതിനാൽ സാധാരണ ജനങ്ങളുടെ ഇടയിൽ നല്ല അംഗീകാരമാണ് ഈ മത്സ്യത്തിനുള്ളത്. അലങ്കാര മത്സ്യംകൂടിയാണിത്. മത്സ്യവിജ്ഞാന പുസ്തകങ്ങളിലും ഗവേഷണ ഗ്രന്ഥങ്ങളിലും വിദേശവിപണന മേഖലകളിലും കേരളത്തിലെ കറുത്തകാരി തമിഴ്‌നാട്ടിലെ കാരിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്.