പാലാ: കടനാട് ഗ്രാമപഞ്ചായത്തിൽ വിവിധ റോഡുകൾക്ക് തുക അനുവദിച്ചെന്ന് കാട്ടി മാണി സി.കാപ്പൻ എം.എൽ.എയും യു.ഡി.എഫും കപടരാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവും ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തി. കടനാട് പഞ്ചായത്തിലെ വിവിധ റോഡുകൾ പുനരുദ്ധരിക്കുന്നതിന് എം.എൽ.എ ഫണ്ട് അനുവദിച്ചതായി അറിയിക്കുകയും ഇതിനായി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം കൂടി സമർപ്പിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, എം.എൽ.എ ഫണ്ട് അനുവദിച്ച റോഡുകളിൽ ചിലത് പഞ്ചായത്തിന്റെ ആസ്തി വിവര രജിസ്റ്ററിൽ പോലും ഇല്ലാത്തതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവും ഭരണസമിതി അംഗങ്ങളായ സെൻ സി. പുതുപ്പറമ്പിൽ, ജയ്‌സൺ പുത്തൻകണ്ടം, ജിജി തമ്പി, ജെയ്‌സി സണ്ണി, ബിന്ദു ജേക്കബ്, മധു കുന്നേൽ എന്നിവർ ചൂണ്ടിക്കാട്ടി.
എം.എൽ.എ ഫണ്ട് അനുവദിച്ച ചില റോഡുകൾ പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ച് ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതും ഉടൻ ടാറിംഗ് നടത്തുന്നതുമാണ്. ഇക്കാര്യം വിശദമായി ചർച്ച ചെയ്ത് ന്യൂനതകൾ പരിഹരിക്കുകയും പുതിയ ചില റോഡുകൾ കൂടി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കുന്നതിന് എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തുന്നതിനും പഞ്ചായത്ത് സമിതിയുടെ യോഗം തീരുമാനം എടുത്തെങ്കിലും പ്രതിപക്ഷത്തെ യു.ഡി.എഫ് മെമ്പർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് ഭരണപക്ഷാംഗങ്ങൾ പറയുന്നു.
എം.എൽ.എ അനുവദിച്ച 89 ലക്ഷം രൂപാ ലാപ്‌സാക്കുന്നതിന് ഭരണപക്ഷ അംഗങ്ങൾ ശ്രമിക്കുന്നുവെന്നും ഇവർ വികസന വിരോധികളാണെന്നുമുള്ള രീതിയിൽ വാർത്തപരത്തുന്ന എം.എൽ.എ കഴിഞ്ഞ ഒരു വർഷക്കാലമായി കടനാട് പഞ്ചായത്തിൽ ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും കുറ്റപ്പെടുത്തുന്നു. അതേസമയം എം.എൽഎ. കൊണ്ടുവരുന്ന റോഡ് പുനരുദ്ധാരണം ഉൾപ്പെടെയുള്ള വികസനപദ്ധതികൾ പഞ്ചായത്ത് ഭരണനേതൃത്വം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ ഇന്നലെ കടനാട് പഞ്ചായത്തോഫീസ് പടിക്കൽ ധർണ നടത്തി.