മുണ്ടക്കയം: പ്രളയത്തെ തുടർന്ന് കുടിവെള്ള സ്രോതസുകളിൽ അടിഞ്ഞ മാലിന്യം അടിയന്തിരമായി നീക്കം ചെയ്യുമെന്ന് ജലസേചന വകുപ്പുമന്ത്രി റോഷിൻ ആഗസ്റ്റിൻ പറഞ്ഞു. പ്രളയ മേഖലയിലെ ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മീനച്ചിൽ, കാഞ്ഞിരപ്പളളി, പീരുമേട് താലൂക്കുകളിൽ പ്രളയമൂലം നിരവധി കുടിവെള്ള പദ്ധതികൾ നിലച്ചിരിക്കുകയാണ്. പ്രധാന ആറുകളിൽ മണ്ണും ചെളിയും കെട്ടികിടക്കുകയാണ്. ഇത് നീക്കം ചെയ്യാൻ വാട്ടർ അതോറിട്ടി, ഇറിഗേഷൻ ഡിപ്പാർട്ടുമെന്റുകൾക്ക് മന്ത്രി നിർദ്ദേശം നൽകി.

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാഴൂർസോമൻ എം.എൽ.എ, എ.ഡി.എം മാരായ ജിനുപുന്നൂസ് (കോട്ടയം) ഷൈജു(ഇടുക്കി)ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്‌സൺ സുഹറ അബ്ദുൽഖാദർ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്തു പ്രസിഡന്റുമാരായ രേഖാ ദാസ്, സന്ധ്യവിനോദ്, ജോണികുട്ടി മഠത്തിനകം, പ്രിയ മോഹനൻ,പി.എസ്.സജിമോൻ ജില്ലാ പഞ്ചായത്തംഗം കെ.ടി.ബിനു മറ്റുപ്രതിനിധികൾ വിവിധ വകുപ്പു തല ഉദ്യാഗസ്ഥർ എന്നിവർ പങ്കെടുത്തു.


ഷോൺ ജോർജ് പ്രതിഷേധിച്ചു

ആറുകളിൽ അടിഞ്ഞുകൂടിയ കല്ലും, മണലും നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് നിവേദനം നൽകിയ തന്നെ അവലോകന യോഗത്തിൽ നിന്ന് ഒഴിവാക്കിയതിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് പ്രതിഷേധിച്ചു. നിയോജകമണ്ഡലത്തിലെ മൂന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ രണ്ടു പേരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടും തന്നെ ക്ഷണിക്കാത്തത് എന്തുകൊണ്ടെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന് ഷോൺ പറഞ്ഞു.