തലയോലപറമ്പ് : മറവൻതുരുത്ത് കൊടുപ്പാടത്ത് നടത്തിയ കോവൽ കൃഷിയിൽ മികച്ച വിളവ്. സംസ്ഥാന സർക്കാരിന്റെ പച്ചക്കറി വികസന പദ്ധതിയിൽപ്പെടുത്തി സുന്ദരൻ നളന്ദ നടത്തിയ പച്ചക്കറി കൃഷിയിലെ കോവൽ കൃഷിയുടെ ആദ്യ വിളവെടുപ്പാണ് നടന്നത്. ഒന്നര ഏക്കർ സ്ഥലത്ത് കോവൽ, പയർ, പടവലം, കുക്കുമ്പർ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ 30 സെന്റ് സ്ഥലത്ത് നടത്തിയ കോവൽ കൃഷിയുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ നിർവഹിച്ചു. പഞ്ചായത്തിലെ മികച്ച പച്ചക്കറി കർഷകൻ എന്നതിനു പുറമെ മത്സ്യ കൃഷിയിലും നേട്ടം കൊയ്യുന്ന കർഷകനാണ് സുന്ദരൻ. പഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, ബിജു കുഴിക്കാടത്ത് , സീമ ബിനു, മറവൻതുരുത്ത് കൃഷി ഓഫീസർ ലിറ്റി വർഗീസ്, കൃഷി അസിസ്റ്റന്റ് ജി.അജിമോൻ , സ്റ്റാറ്ററ്റിക്സ് ഇൻസ്‌പെക്ടർ എ.എം. നിഷമോൾ തുടങ്ങിയവർ പങ്കെടുത്തു.