കോട്ടയം:നിയന്ത്രണം വിട്ട ടിപ്പർ ലോറി മൂന്നു വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ പത്തോടെ നീണ്ടൂർ കല്ലറ റോഡിലായിരുന്നു അപകടം. നീണ്ടൂരിൽ നിന്നും മണ്ണുമായി കല്ലറ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ടിപ്പർ ലോറി. ഈ ലോറി നീണ്ടൂർ കവല ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായി റോഡരികിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ ഇടിച്ചു തകർത്ത ലോറി, ഒരു ഓട്ടോറിക്ഷയിലും ഇടിച്ചു. അപകടത്തിൽ മൂന്നു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടിപ്പർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട്ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, റോഡരികിൽ നിന്ന ആളുകൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് നീണ്ടൂർ റോഡിൽ ഗതാഗത തടസവും നേരിട്ടു. അപകട വിവരം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.