asha

തലയോലപ്പറമ്പ് : ചെമ്പ് ഗ്രാമപഞ്ചായത്തിലെ അങ്ങാടിക്കടവ് ജങ്കാർ സർവീസ് സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭൂമിശാസ്ത്രപരമായി മുവാ​റ്റുപുഴയാറിനാൽ രണ്ടായി വേർതിരിക്കപ്പെട്ട ചെമ്പ് ഭാഗത്തിനും ബ്രഹ്മമംഗലം ഭാഗത്തിനുമിടയിലുള്ള ചെമ്പ് അങ്ങാടിക്കടവിൽ നിലവിലുള്ള കടത്തിനോടൊപ്പം ചെറു വാഹന ഗതാഗതം സാധ്യമാക്കും വിധം ജങ്കാർ സർവീസ് പ്രവർത്തനം പ്രദേശവാസികൾക്ക് ഏറെ ഗുണകരമാകും. ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ നിന്ന് എളുപ്പത്തിൽ സംസ്ഥാന ഹൈവേ ആയ ഏ​റ്റുമാനൂർ - എറണാകുളം റോഡിലേക്ക് പ്രവേശിക്കുന്നതിന് ഈ മാർഗ്ഗം വളരെ പ്രയോജനകരമാണ്. ചടങ്ങിൽ ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ പി.എസ്.പുഷ്പമണി , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജസീല നവാസ്, എം.കെ.ശ്രീമോൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ആശാ ബാബു, അമൽ രാജ്, സുനിൽ മുണ്ടയ്ക്കൽ, കെ.വി.പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി സി.എസ്.ജ്യോതിലക്ഷ്മി നന്ദിയും പറഞ്ഞു.