കോട്ടയം : കാഴ്ച മറച്ച് കാടുകൾ, നോക്കുകുത്തിയായി വഴിവിളക്കുകൾ പിന്നെ അപകടം നടന്നില്ലെങ്കില്ലേ അത്ഭുതം. കോടിമത നാലുവരിപ്പാതയിൽ അപകടം തുടർക്കഥയായിട്ടും അധികൃതർ നിസംഗത പുലർത്തുകയാണ്. വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. നിരവധി ജീവനുകളാണ് ഇതിനോടകം ഇവിടെ പൊലിഞ്ഞത്. ചൊവ്വാഴ്ച രാത്രി പത്തോടെ വിൻസർ കാസിൽ ഹോട്ടലിനു മുന്നിലുണ്ടായ അപകടത്തിൽ കടുവാക്കുളം സ്വദേശിയായ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. റോഡിലെ ഇരുട്ടുമൂലം അപകടത്തിൽപ്പെട്ട കാർ കാഴ്ച മറച്ച് നിന്ന ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. വേഗ നിയന്ത്രണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അമിതവേഗതയ്ക്ക് കുറവൊന്നുമില്ല.
റോഡിലെ മൂന്നു കിലോമീറ്ററിനുള്ളിൽ നിരത്തി സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകൾ പലതും തുരുമ്പു പിടിച്ച നിലയിലാണ്. പകൽ സമയം തെളിഞ്ഞ് കിടക്കുന്ന ലൈറ്റുകൾ രാത്രിയാകുമ്പോൾ മിഴിയടയ്ക്കും. വൈദ്യുതി പോസ്റ്റുകളിൽ പലതിന്റെയും സ്വിച്ച് ബോർഡുകളും തകരാറിലായിരിക്കുകയാണ്.
മദ്ധ്യഭാഗത്തെ ഇടനാഴി മരണക്കെണി
നാലുവരിപ്പാതയുടെ മദ്ധ്യഭാഗത്തെ ഇടനാഴി മരണക്കെണിയാകുകയാണ്. രണ്ടര മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള ഡിവൈഡറിന്റെ മദ്ധ്യഭാഗത്താണ് അനാവശ്യമായി ഇടനാഴി നിർമ്മിച്ചിരിക്കുന്നത്. ഇവിടെ കാട് വളർന്നു നിൽക്കുന്നത് പകൽ സമയത്ത് പോലും യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നുണ്ട്. കാട് യഥാസമയം തെളിച്ചാൽ പകുതി അപകടങ്ങൾ കുറയ്ക്കാനാകും.