കുമരകം : കുമരകത്തും പരിസര പ്രദേശങ്ങളിലേയും ജലാശയങ്ങളിൽ ജലമലിനീകരണം രൂക്ഷമാകുന്നു. മലിനമായ ജലത്തിൽ നിന്ന് പ്രാണവായു ലഭിക്കാതെ നാടൻ മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്. കുമരകം അഞ്ചാം വാർഡിൽ കൊല്ലകരി തോട്ടിൽ കരിമീൻ ഉൾപ്പടെയുള്ളവ വ്യാപകമായി ചാകുന്നുണ്ട്. പുഞ്ച കൃഷിക്കായി പാടങ്ങളിൽ നിന്ന് മാേട്ടോർ പ്രവർത്തിപ്പിച്ച് തോടുകളിലേക്ക് കീടനാശിനികൾ പ്രയോഗിച്ച വെള്ളം പമ്പു ചെയ്യുന്നതോടൊപ്പം വർഷ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിൽ നിന്ന് കച്ചി ചീഞ്ഞ് മലിനമായ വെള്ളം പുറംതള്ളുന്നതും താേടുകളിലെ ജല മലിനീകരണത്തിന് കാരണമാകുന്നുണ്ട്. തണ്ണീർമുക്കം ബണ്ട് അടച്ചിട്ടിരിക്കുന്നതിനാൽ നീരൊഴുക്കില്ലാതെ കിടക്കുന്ന ജലം പായലും പോളയും ചീഞ്ഞഴുകി മലിനപ്പെടുകയാണ്. വെള്ളത്തിൽ ഉപ്പുരസം ഇല്ലാത്തതിനാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ജലാശയങ്ങളാകെ പോള തിങ്ങി നിറയുകയും ജല മലിനീകരണം രൂക്ഷമാകുകയും ജലഗതാഗതം അസാദ്ധ്യമാവുകയും ചെയ്യും. എത്രയും വേഗം പോള നീക്കാനുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം