പാലാ : കിടങ്ങൂർ - കട്ടച്ചിറ ബൈപാസ് റോഡ് വികസന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് 3 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഏറ്റുമാനൂർ എറണാകുളം റോഡിൽ കട്ടച്ചിറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കിടങ്ങൂർ- മണർകാട് റോഡിൽ കിടങ്ങൂർ പാലത്തിനു സമീപത്ത് എത്തിച്ചേരുന്ന ഗ്രാമീണ റോഡ് മെച്ചപ്പെട്ട നിലവാരത്തിൽ നവീകരിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി മീനച്ചിലാറിന്റെ തീരത്തുകൂടി നിലവിലുള്ള കട്ടച്ചിറ ചാലക്കടവ് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തും. ഈ ഭാഗത്ത് റോഡിന് വീതി കുറവുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ സാധ്യമായ വിധത്തിൽ വീതികൂട്ടി എടുക്കാനുള്ള പരിശ്രമം നടത്തും. ഇതോടൊപ്പം രണ്ടാമത്തെ റീച്ചായി ഉൾപ്പെടുത്തിയിട്ടുള്ള കട്ടച്ചിറ-പള്ളിക്കടവ് റോഡ് വേസ്റ്റ് ക്ലോസ്ഡ് ഗ്രേഡഡ് ടാറിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.