തിരുവാർപ്പ് : പഞ്ചായത്ത് എട്ടാം വാർഡിൽ കോട്ടവാതുക്കൽ വീട്ടിൽ നഹാസ് -സബീന ദമ്പതികളുടെ മകൻ നാലുവയസുകാരൻ അൽഅമാന്റെ ജീവൻ നിലനിറുത്താൻ ഗ്രാമം കൈകോർക്കുന്നു. ഇരു വൃക്കകളും തകരാറിലായി വിവിധ ആശുപത്രികളിൽ ലക്ഷങ്ങൾ മുടക്കി ചികിത്സ തേടിയെങ്കിലും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ജീവൻ നിലനിറുത്താൻ ഏക മാർഗമെന്ന് ഡോക്ടർമാർ പറഞ്ഞു. മാതാവ് സബീന വൃക്ക നൽകാൻ തയ്യാറാണ് പക്ഷെ ഭീമമായ ചികിത്സാചെലവ് താങ്ങാൻ നിർദ്ധന കുടുംബമായ ഇവർ‌ക്കാനാകില്ല. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി പത്തു ലക്ഷം രൂപയണ് ആവശ്യം. തിരുവാർപ്പ് ഗ്രാമപഞ്ചായത്തും ചങ്ങനാശ്ശേരി പ്രത്യാശയും ചേർന്ന് തിരുവാർപ്പ് ജീവൻ രക്ഷാ സമിതി രൂപീകരിച്ച് തുക സമാഹരിക്കാൻ ഒരു മാസമായി പ്രവർത്തിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് അജയൻ. കെ. മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ജനറൽ കൺവീനർ തോമസ് ജോസഫ്, പ്രത്യാശ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരി, വിവിധ ജനപ്രതിനിധികൾ, വാർഡു കൺവീനർമാർ എന്നിവർ ഇതിന് നേതൃത്വം നല്കുന്നു. ഈ ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ നടത്തുന്ന ധനസമാഹരണത്തിൽ എല്ലാവരുടേയും സഹകരണമാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.