അടിമാലി: കൊവിഡ് കാലത്തെ അടച്ചിടലിന് ശേഷം ചെങ്കുളമടക്കമുള്ള ബോട്ടിംഗ് സെന്ററുകൾ സജീവമായി . എന്നാൽ ഒമിക്രോൺ ഭീതി പടർന്നിട്ടുള്ളത് വിനോദ സഞ്ചാരമേഖലക്കാകെ തിരിച്ചടിയാവുകയാണ്.ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് ചെങ്കുളവും മാട്ടുപ്പെട്ടിയുമടങ്ങുന്ന ജില്ലയിലെ വിവിധ ബോട്ടിംഗ് സെന്ററുകളിൽ സഞ്ചാരികളുടെ നല്ല തിരക്കനുഭവപ്പെട്ടിരുന്നു.വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ചെങ്കുളം ബോട്ടിംഗ് സെന്ററിൽ സഞ്ചാരികൾ കൂടുതലായി എത്തുന്നത്.സഞ്ചാരികളുടെ വരവ് കുറഞ്ഞാൽ വിനോദ സഞ്ചാരമേഖലക്കത് വീണ്ടും തിരിച്ചടിയാകുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.കൊവിഡ് കാലത്തെ അടച്ചിടലിനെ തുടർന്ന് ബോട്ടിംഗ് സെന്ററുകളിൽ വലിയ രീതിയിലുള്ള വരുമാനകുറവും സാമ്പത്തിക നഷ്ടവും സംഭവിച്ചിരുന്നു.നിയന്ത്രണങ്ങൾ നീങ്ങിയതോടെ അയൽസംസ്ഥാനക്കാരായ വിനോദ സഞ്ചാരികളും തദ്ദേശിയരായ വിനോദ സഞ്ചാരികളും പിന്നെയും എത്തിത്തുടങ്ങി.ജലസവാരിക്കൊപ്പം ജലാശയത്തിന് ഇരുവശത്തുമുള്ള പച്ചപ്പും കുളിര് തിങ്ങുന്ന പ്രവേശന കവാടവുമാണ് ചെങ്കുളം ബോട്ടിംഗ് സെന്ററിന്റെ പ്രത്യേകത.കൊവിഡ് ആശങ്ക വർദ്ധിക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്താൽ വിനോദ സഞ്ചാരമേഖലക്കത് വീണ്ടും തിരിച്ചടിയാകും.