വൈക്കം: വടയാർ ചന്തപ്പാലം മുളക്കുളം റോഡിന്റെ നിർമ്മാണത്തിലെ അനിശ്ചിതത്വം നീങ്ങിയെന്ന് സി.കെ.ആശ എം.എൽ.എ അറിയിച്ചു. ജർമ്മൻ ധനകാര്യ സ്ഥാപനത്തിന്റെ ധനസഹായത്തോടുകൂടി 110 കോടി രൂപ ചെലവഴിച്ച് റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തിയാണ് റോഡ് ആധുനികരീതിയിൽ പുനർനിർമ്മിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയായിട്ട് മാസങ്ങളായെങ്കിലും ടെണ്ടറെടുത്ത കരാറുകാരനെതിരെ മറ്റൊരു വ്യക്തി ടെണ്ടർ അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ കേസ് നൽകിയതാണ് നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നതിന് തടസമായി വന്നത്. ടെണ്ടർ അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളുകയും 12ന് കൂടിയ സ്റ്റീയറിങ്ങ് കമ്മറ്റി ടെണ്ടറിന് അന്തിമ അംഗീകാരം നൽകുകയും ചെയ്തു.