അടിമാലി: സിപിഐയുടെ നേതൃത്വത്തിൽ നടക്കുന്ന അടിമാലി ഹെഡ് പോസ്റ്റോഫീസ് മാർച്ചിനും ധർണ്ണക്കും മുന്നോടിയായി സിപിഐ അടിമാലി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന വാഹനപ്രചാരണ ജാഥയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ബൈസൺവാലിയിൽ നടക്കും.കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടും കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും സിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭപരിപാടിയുടെ ഭാഗമായിട്ടാണ് സിപിഐ അടിമാലിയിൽ ജനുവരി 17ന് അടിമാലി ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിട്ടുള്ളത്.സിപിഐ അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ ക്യാപ്ടനായും ജയാമധു വൈസ് ക്യാപ്ടനായും കെ എം ഷാജി ഡയറക്ടറായും നടക്കുന്ന വാഹനപ്രചാരണ ജാഥ ശനി, ഞായർ ദിവസങ്ങളിൽ വെള്ളത്തൂവൽ, പാറത്തോട്, 200 ഏക്കർ, പത്താംമൈൽ, ഇരുമ്പുപാലം, അടിമാലി, മാങ്കുളം, കുരിശുപാറ, കല്ലാർ, ആനച്ചാൽ തുടങ്ങിയ മേഖലകളിലൂടെ പര്യടനം നടത്തി ഞായറാഴ്ച്ച വൈകിട്ടഞ്ചിന് മുതുവാൻകുടിയിൽ സമാപിക്കും.ജാഥയുടെ ഉദ്ഘാടന ചടങ്ങിൽ സിപിഐ സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസും സമാപന ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും പങ്കെടുക്കുമെന്ന് സംഘാടക സമതി ഭാരവാഹികളായ പി കെ സജീവ്, ഇ എം ഇബ്രാഹിം, എൻ എ ബേബി തുടങ്ങിയവർ അറിയിച്ചു.