പാലാ ജനറൽ ആശുപത്രി: നേത്ര ചികിത്സാ വിഭാഗത്തിനും പൂട്ടുവീണു

പാലാ: പാലാ ജനറൽ ആശുപത്രിയിൽ നേത്ര ചികിത്സാവിഭാഗത്തിന്റെ പ്രവർത്തനവും നിലച്ചു. നേത്ര ചികിത്സാ ഡോക്ടർ വിരമിച്ചതോടെയാണ് ചികിത്സ മുടങ്ങിയത്. ഇതോടെ ജനറൽ ആശുപത്രിയിൽ പ്രവർത്തനംനിലച്ച ചികിത്സാ വിഭാഗങ്ങളുടെ എണ്ണം നാലായി. ജനറൽ ആശുപത്രി നേത്രചികിത്സാ വിഭാഗത്തിലെ ഡോക്ടർ കഴിഞ്ഞ മാസമാണ് വിരമിച്ചത്. ഏതാനും നാൾ മുൻപ് കാർഡിയോളജി വിഭാഗം ഡോക്ടറെ സ്ഥലം മാറ്റിയതോടെ കാർഡിയോളജി വിഭാഗവും ഇല്ലാതായിരുന്നു. നേത്രവിഭാഗം ഡോക്ടർ വിരമിക്കുകയാണെന്ന് അറിഞ്ഞിട്ടും ആരോഗ്യ വകുപ്പ് ചികിത്സാതടസം ഉണ്ടാകാതിരിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ നേത്രചികിത്സാ വിഭാഗം പൂർണമായും അടച്ചുപട്ടി. ഇവിടെ ഈ വിഭാഗത്തിൽ അനുവദിച്ചിരുന്ന തസ്തികയിലെ ഡോക്ടറെ വർക്കിംഗ് അറേഞ്ച്മെന്റിൽ മറ്റൊരു ആശുപത്രിയിൽ നിയമിച്ചിരിക്കുകയാണിപ്പോൾ. പാലാ ജനറൽ ആശുപത്രിയോട് ആരോഗ്യ വകുപ്പ് ചിറ്റമ്മനയം തുടരുകയാണെന്ന ആക്ഷേപം നിലനിൽക്കേയാണ് ഒടുവിൽ നേത്രചികിത്സാ വിഭാഗവും അടച്ചുപൂട്ടിയത്.

ത്വക്ക്, സൈക്യാട്രി വിഭാഗങ്ങൾ നേരത്തെ ഇല്ലാതായിരുന്നു.

നിവേദനം നൽകി

നേത്രചികിത്സാ വിഭാഗത്തിൽ ഉണ്ടായ ഒഴിവ് ഉടൻ നികത്തണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ഡോക്ടറെ തിരികെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്‌സൺ മാന്തോട്ടം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി. ആരോഗ്യ വകുപ്പിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ഇല്ലാതായ എല്ലാ ചികിത്സാ വിഭാഗങ്ങളും പുനരാരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ,ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.