വെച്ചൂർ: പച്ചക്കറി കൃഷിയിലും നേട്ടം കൊയ്യാൻ പദ്ധതിയുമായി വെച്ചൂർ പഞ്ചായത്ത്. വെച്ചൂരിൽ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ സഹകരണത്തോടെ ജൈവ കൃഷി പ്രചാരകനും മികച്ച കർഷകനുമായ തലയാഴം കൂവം ഗുരുകൃപ നഴ്‌സറി ഉടമ പുളിക്കാശേരി ചെല്ലപ്പനാണ് മാതൃകാ പച്ചക്കറി തോട്ടങ്ങൾ ഒരുക്കാൻ മുന്നോട്ടുവന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 ഏക്കറോളം സ്ഥലത്ത് ജൈവ പച്ചക്കറി തോട്ടങ്ങൾ ഒരുക്കുമെന്ന് ചെല്ലപ്പൻ പറഞ്ഞു. പഞ്ചായത്ത് പത്താം വാർഡിൽ റാണിമുക്ക് ഇല്ലത്ത് പാടത്ത് അട്ടിപേറ്റി സോമന്റെ 80 സെന്റ് പുരയിടത്തിൽ പച്ചക്കറി തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗുരുകൃപ നഴ്‌സറി ഉടമ പുളിക്കാശേരി ചെല്ലപ്പൻ കൃഷിയുടെമേൽനോട്ടം വഹിക്കും. വിജയലക്ഷ്മി ആയൽക്കൂട്ടം സെക്രട്ടറി സിന്ധു , പ്രസിഡന്റ് കെ.ശ്രീലത, സ്വരുമ അയൽക്കൂട്ടം സെക്രട്ടറി വി. ആശ, പ്രസിഡന്റ് രമണി, കല ചന്ദ്രൻ , തൊഴിലുറപ്പ് തൊഴിലാളികളായ ഷൈനി, റോസി, ഗിരിജ, ലിസി, തങ്കമ്മ, മേരീക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകും.