
കോട്ടയം: ജില്ലയിൽ കൊവിഡ് വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണ കൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചു. മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലായതിന്റെ പശ്ചാത്തലത്തിലാണിത്. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു.
ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് 21 മുതൽ രണ്ടാഴ്ചത്തേക്ക് ഓൺലൈനിലൂടെ മാത്രമാണ് ക്ലാസ് . വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേയ്ക്ക് അടച്ചിടും. സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന യോഗങ്ങൾ ഓൺലൈനായി മാത്രമാക്കി. സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തണം.
 ഇന്ന് ഏഴു കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ
കോട്ടയം: ഇന്ന് ജില്ലയിലെ ഏഴു കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ നൽകും. കോട്ടയം ജനറൽ ആശുപത്രിയിലും വൈക്കം താലൂക്ക് ആശുപത്രിയിലും 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് മാത്രമാണ് വാക്‌സിൻ . കൊവാക്‌സിനാണ് നൽകുക.
പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ജനറൽ ആശുപത്രികളിലും പാമ്പാടി, കുറവിലങ്ങാട് താലൂക്ക് ആശുപത്രികളിലും 18 വയസിനു മുകളിലുള്ളവർക്ക് കൊവിഷീൽഡ് ഒന്ന്, രണ്ട് കരുതൽ ഡോസുകൾ നൽകും.
ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, അനുബന്ധ രോഗങ്ങളുള്ള 60 വയസിനു മുകളിലുള്ളവർ എന്നിവർ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം പൂർത്തിയാകുമ്പോഴാണ് കരുതൽ ഡോസിന് അർഹരാവുക.
''ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല. എല്ലാ കടകളിലും ഓൺലൈൻ ബുക്കിംഗും വിൽപനയും പ്രോത്സാഹിപ്പിക്കണം''
-ഡോ.പി.കെ.ജയശ്രീ, കളക്ടർ