
കോട്ടയം: ആശുപത്രിയിൽ പോകാതെ ഓൺലൈനിൽ സൗജന്യമായി ചികിത്സ ലഭ്യമാകുന്ന ഇ-സഞ്ജീവനി സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ്.
കൊവിഡ് ഒ.പി, ജനറൽ ഒ.പി, സ്‌പെഷലിസ്റ്റ് ഒ.പി എന്നീ വിഭാഗങ്ങളിൽ ചികിത്സയ്ക്ക് എല്ലാ ദിവസവും ഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭിക്കും. മൊബൈൽ ഫോണിൽ ഇ സഞ്ജീവനി ആപ്ലിക്കേഷനിലോടെ സേവനം പ്രയോജനപ്പെടുത്താം. ലോഗിൻ ഓപ്ഷൻ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ടോക്കൺ നമ്പർ നൽകുമ്പോൾ എത്ര സമയത്തിനകം ഡോക്ടറുമായി സംസാരിക്കാൻ സാധിക്കും എന്ന വിവരം അറിയാനാകും. ആ സമയത്ത് ഡോക്ടർ രോഗിയുമായി വീഡിയോ മുഖേന സംസാരിച്ച് ചികിത്സ നിർദ്ദേശിക്കും. ചികിത്സാ വിധി മൊബൈലിൽ അല്ലെങ്കിൽ കംപ്യൂട്ടറിൽ തന്നെ പി.ഡി.എഫ്. രൂപത്തിൽ അയച്ചു നൽകും. കൊവിഡ് രോഗികൾക്കുള്ള ഒ.പി ദിവസവും 24 മണിക്കൂറും ജനറൽ ഒ.പി. വിഭാഗം രാവിലെ എട്ടു മുതൽ വൈകിട്ട് എട്ട് വരെയും പ്രവർത്തിക്കും.
പ്രത്യേക സേവനങ്ങൾ
മാതൃ, ശിശുരോഗ വിഭാഗം, സർജറി, ജനറൽ മെഡിസിൻ, പാലിയേറ്റീവ് കെയർ, മാനസിക രോഗചികിത്സ, ദന്ത ചികിത്സ, നെഞ്ച് രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം. മാനസിക രോഗചികിത്സ, കാൻസർ ചികിത്സ എന്നിവയ്ക്ക് ബാംഗ്ലൂർ നിംഹാൻസ് തിരുവനന്തപുരം ആർ.സി.സി. എന്നിവയിൽനിന്നുള്ള വിദഗ്ധരുടെ സേവനം. രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെയാണ് സേവനം.