മണർകാട് : തുടർച്ചയായ പൈപ്പ് പൊട്ടി റോഡുകൾ തകരുന്നത് തുടർക്കഥയാകുന്നു. മണർകാട് പഞ്ചായത്തിലെ നാലാം വാർഡിൽ മാലം പോസ്റ്റ് ഓഫീസ് റോഡിൽ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികൾ നാളുകളായി നികത്താത്തത് അപകടഭീഷണി ഉയർത്തുകയാണ്. പ്രധാന റോഡുകൾ പുനർനിർമ്മിച്ചെങ്കിലും ഗ്രാമീണ റോഡുകളുടെ സ്ഥിതി ശോചനീയമാണ്. മാലം പോസ്റ്റ് ഓഫീസ് റോഡ്, മാലം മേത്താപറമ്പ് റോഡ്, മാലം പാലം റീത്ത്പള്ളി റോഡ് തുടങ്ങി നിരവധി റോഡുകളാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. ദിനംപ്രതി നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നു പോകുന്നത്. മാലം കവലയിൽ നിന്ന് അമയന്നൂർ, പാറപ്പുറം, ഒറവയ്ക്കൽ, അയർക്കുന്നം, തിരുവഞ്ചൂർ എന്നിവിടങ്ങളിലേക്ക് എളുപ്പമാർഗം പോകുന്നതിനായി യാത്രക്കാർ കൂടുതലും ഈ റോഡാണ് ഉപയോഗിക്കുന്നത്. ഒറവയ്ക്കൽ മാലം ഭാഗങ്ങളിൽ റോഡ് അടയ്ക്കുമ്പോഴും യാത്രക്കാർക്ക് ആശ്രയമാണീ റോഡ്.
മണ്ണും ചരലും നിറഞ്ഞു
റോഡിന്റെ പലഭാഗങ്ങളിൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടാതിരിക്കാനായി നാട്ടുകാർ ചേർന്ന് അപായ സൂചനാ ബോർഡും, താത്കാലികമായി കുഴികൾ മണ്ണിട്ട് മൂടുകയും ചെയ്തു. പലയിടത്തും ടാറിംഗ് ഇളകി മാറി. വളവുകളും മണ്ണും ചരലും നിറഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. പൈപ്പ് പൊട്ടൽ ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വള്ളിക്കെട്ടായി വെള്ളക്കെട്ടും
മാലം ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടൽ ഉണ്ടാകുന്നത്. രാത്രികാലങ്ങളിലാണ് പൈപ്പ് പൊട്ടൽ പതിവാകുന്നത്. വേനൽ ആരംഭിക്കുന്ന സമയത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ദുരിതം സൃഷ്ടിക്കുന്നു. വെള്ളക്കെട്ടും രൂക്ഷമാണ്.