വേനൽ കടുത്തു, കുടിവെള്ളക്ഷാമം
മുതലാക്കാൻ വിതരണക്കാർ
കോട്ടയം: വേനൽക്കാലം കുടിവെള്ളവിതരണ ഏജൻസികൾക്ക് ചാകരയാണ്. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവരെ ചൂഷണം ചെയ്യാനുള്ള അവസരം അവർ പാഴാക്കാറില്ല. ചൂടിന് കാഠിന്യമേറിയതോടെ ജില്ലയിൽ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണ ഏജൻസികൾ സജീവമാണ്. കൃത്യമായ പരിശോധനകൾ ഇല്ലാത്തതിനാൽ വരും ദിവസങ്ങളിൽ കുടിവെള്ള വിതരണക്കാരുടെ എണ്ണം വീണ്ടുമുയരും. സർക്കാർ മാനദണ്ഡങ്ങൾ എല്ലാം മറികടന്നാണ് ഇവയിൽ ഭൂരിപക്ഷത്തിന്റെയും പ്രവർത്തനമെന്ന് ഏറെ ആശങ്കാജനകമാണ്.
പരിശോധനകളില്ല
പാറക്കുളങ്ങൾ, തോടുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ നിന്നെടുക്കുന്ന വെള്ളം ശുദ്ധീകരിക്കാതെയാണ് വിതരണത്തിനായി കൊണ്ടുപോകുന്നത്. തോടുകൾ വറ്റി തുടങ്ങിയതിനാൽ, മാലിന്യം നിറഞ്ഞ വെള്ളമാണ് പലപ്പോഴും വിതരണത്തിനായി എത്തിക്കുന്നത്. ഇത് സാക്രമിക രോഗങ്ങൾക്കും ഇടയാക്കുന്നു. സ്വന്തമായി വാഹനവും വാട്ടർ ടാങ്കുമുള്ളവരെല്ലാം കുടിവെള്ളത്തിന് ഇറങ്ങുകയാണ്. ജലവിതരണ പദ്ധതികൾ പലതുണ്ടെങ്കിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളിലെ ആളുകൾ മറ്റ് മാർഗം ഇല്ലാത്തിനാൽ, ശുദ്ധീകരിക്കാത്ത വെള്ളം വാങ്ങാൻ നിർബദ്ധിതരാകുകയാണ്. കുടിവെള്ള വിതരണവുമായി പിക്കപ്പ് വാനുകൾ, ഓട്ടോറിക്ഷകൾ, മിനി ലോറികൾ എന്നിവ നിരത്തുകളിലുണ്ട്.
അനുമതി നേടണം,
ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും അനുമതിയുണ്ടെങ്കിൽ മാത്രമേ കുടിവെള്ള വിതരണം നടത്താൻ കഴിയു. ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിച്ച് വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും വേണം. എന്നാൽ ഇത് പാലിക്കപ്പെടാരില്ല. ഉപയോഗശൂന്യമായ പാറക്കുളങ്ങളിൽ നിന്ന് ഉൾപ്പെടെ വിതരണത്തിന് വെള്ലം ശേഖരിക്കുന്നതായി ആക്ഷേപമുണ്ട്.
നിരക്കുകൾ പലത്
1500 ലിറ്ററിന് 850 രൂപ, 2000 ലിറ്ററിന് 1000 രൂപ മുതലാണ് ഈടാക്കുന്നത്. ദൂരം കൂടുന്നതിന് അനുസരിച്ച് നിരക്കും കൂടും. മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിന് 50 രൂപ മുതൽ ഈടാക്കാറുണ്ട്.
നഗരസഭയുടെ ഉൾപ്പെടെ വെള്ളം ലഭിക്കാതെ വരുമ്പോൾ പ്രാഥമികാവശ്യങ്ങൾക്ക് ഉൾപ്പെടെയുള്ളവയ്ക്ക് വെള്ളം വാങ്ങേണ്ട സ്ഥിതിയാണ്. ഇരട്ടി തുക കൊടുത്ത് വേണം വെള്ളം വാങ്ങുവാൻ. ( ലാലിച്ചൻ കോട്ടയം)
വെള്ളം എത്രമാത്രം സുരക്ഷിതമാണെന്ന് പോലും പലപ്പോഴും നോക്കാൻ കഴിയില്ല. ദുരിതം മൂലം വാങ്ങാൻ നിർബന്ധിതരാകും. ( സൂസമ്മ, മണർകാട്)