കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ളക്‌സ് മൂന്നാഴ്ചയ്ക്കകം പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിവരാവകാശ പ്രവർത്തകനും ആക്ടിവിസ്റ്റുമായ മഹേഷ് വിജയൻ നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് നടപടി.
നേരത്തെ, തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലെ വിദഗ്ധ സമിതി പഠനം നടത്തി നൽകിയ റിപ്പോർട്ട് അനുസരിച്ച് കെട്ടിടം മൂന്നു മാസത്തിനകം ബലപ്പെടുത്തി കഴിഞ്ഞ മാർച്ചിന് മുൻപ് റിപ്പോർട്ട് നൽകണം എന്ന് കോടതി നിർദേശിച്ചിരുന്നു. കെട്ടിടം ബലപ്പെടുത്താൻ പല തവണ ടെണ്ടർ വിളിച്ചെങ്കിലും ആരും വന്നില്ല എന്നും കെട്ടിടം പൊളിച്ച് പുതിയത് പണിയാൻ തീരുമാനിച്ചതായും കാണിച്ച് 2021 ഒക്ടോബർ ആദ്യം കോട്ടയം നഗരസഭ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
മൂന്നാഴ്ചയ്ക്കകം പൊളിച്ചില്ലെങ്കിൽ സ്വമേധയാ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതോടെയാണ് പൊളിക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചത്. അതേസമയം പൊളിക്കലിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് വ്യാപാരികളുടെ തീരുമാനം.