കുമരകം : ജെട്ടി തോട്ടിൽ പോള നിറഞ്ഞതോടെ കുമരകം - മുഹമ്മ ബോട്ട് സർവീസ് കുമരകം ജെട്ടിയിലെത്താതെ കായൽ തീരത്തുള്ള കുരിശടിയിൽ അവസാനിപ്പിക്കുന്നതോടെ യാത്രക്കാർ ദുരിതത്തിലായി. ജെട്ടിയിൽ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരെയുളള കുരിശടിയിലെത്താൻ യാത്രക്കാർക്ക് ദുരിതമാകുന്നത് വാക്‌വേയിലൂടെയുള്ള യാത്രയാണ്. 10 വർഷം മുൻപ് നിർമ്മിച്ച മൂന്നടി വീതിയുള്ള വാക്‌വേയിലൂടെയുള്ള യാത്രക്കാർക്ക് സുരക്ഷയ്ക്കായി ഒരുക്കിയ വേലി പൂർണ്ണമായും തകർന്നു. ടൈലുകൾ ഇളകിയ നിലയിലാണ്. യാത്രയ്ക്ക് തടസമായി വാക് വേയിലേക്ക് മൂന്ന് തെങ്ങുകൾ ചാഞ്ഞ് നിൽക്കുന്നതും, ഹൗസ് ബോട്ടുകൾ ബന്ധിക്കുന്ന വടങ്ങൾ വഴി വിലങ്ങി കിടക്കുന്നതും ഇരട്ടി ദുരിതമായി. ഭൂരിഭാഗം യാത്രക്കാരും ഇരുചക്രവാഹനങ്ങളുമായാണ് ബോട്ടിൽ യാത്ര ചെയ്യാനെത്തുന്നത്. ജലഗതാഗത വകുപ്പിന്റെ രണ്ട് ബോട്ടുകളിലും ഇരു ചക്രവാഹനങ്ങൾ കയറ്റിക്കൊണ്ടുപോകുന്നവയാണ്. ഇതിൽ നിന്ന് ജലഗതാഗത വകുപ്പിന് നല്ല വരുമാനവും ലഭിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ബാേട്ട് എത്തുന്ന കുരിശടിയുടെ ഭാഗത്തു എത്തിച്ചേരണമെങ്കിൽ ഇരുചക്ര വാഹനങ്ങൾക്ക് വഴിയില്ല.
സർവത്ര ദുരിതം !
സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ പൊളിഞ്ഞു കിടക്കുന്ന വേലിക്കിടയിലൂടെ വേണം വാഹനങ്ങൾക്ക് വാക് വേയിലേക്ക് പ്രവേശിക്കാൻ. ഇത് വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതിനും കാരണമാകുന്നുണ്ട്. ബോട്ട്ജെട്ടി - കായൽ റോഡിലും വാക്ക് വേയിലും വഴി വിളക്കുകൾ ഇല്ലാത്തതും അവസാന രണ്ട് ട്രിപ്പുകളിൽ യാത്ര ചെയ്യാൻ എത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.