വൈക്കം : വൈക്കം അർബൻ വെൽഫെയർ സൊസൈറ്റി കൂടുതൽ സേവനങ്ങളുമായി പുതിയ കെട്ടിടത്തിലേക്കു മാറി പ്രവർത്തനം തുടങ്ങുന്നു. 22 ന് വൈകിട്ട് 3 ന് ബാങ്ക് പ്രസിഡന്റ് ആർ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പി.പ്രസാദ് ദീപ പ്രകാശനം നിർവഹിക്കും. സി.കെ.ആശ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിക്കും. ആതുര സേവന മേഖലയിൽ കിസ്‌ക്കോയുമായി ചേർന്ന് 50 % ശതമാനം വരെ ഡിസ്‌കൗണ്ടിൽ സ്‌കാനിംഗ്, ലാബ് ടെസ്റ്റിംഗ് , എക്സ്‌റെ എന്നിവ സൊസൈറ്റി നടത്തുന്നുണ്ട്. വൈക്കം താലൂക്ക് ആശുപത്രി കോംമ്പൗണ്ടിൽ 15 മുതൽ 60 ശതമാനം വരെ നിരക്ക് ഇളവുകളോടെ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ , മിതമായ നിരക്കിൽ കണ്ണടകൾ വിൽക്കുന്ന നീതി ഒപ്ടിക്കൽസ്, കിടപ്പു രോഗികളുള്ള വീടുകളിൽ നേരിട്ടെത്തി ലാബ് ടെസ്റ്റുകളും, മരുന്നും എത്തിച്ചു കൊടുക്കുന്ന വിവിധങ്ങളായ സേവന മേഖലകളിലുമായി 60 ഓളം പേർക്ക് സംഘം തൊഴിൽ നൽകുന്നുണ്ട്. നഗരസഭ സ്ഥലസൗകര്യം അനുവദിക്കുകയാണെങ്കിൽ മിതമായ നിരക്കിൽ ആധുനീക ഡയാലിസിസ് സെന്റർ തുടങ്ങാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ നഗരസഭയുടെ സഹകരണത്തോടെ വൈക്കത്തിന്റെ ടൂറിസം മേഖലയിലും നിക്ഷേപം നടത്താൻ ബാങ്ക് തയ്യാറായി. ആദ്യ പടി എന്ന നിലയിൽ കുട്ടികൾക്ക് വേണ്ടി വൈക്കം കായലോരബീച്ചിനോട് ചേർന്ന് വാട്ടർ സ്‌പോർട്സ് സൗകര്യങ്ങളും തയ്യാറായി വരികയാണെന്നും ബാങ്ക് പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അറിയിച്ചു. ഡയറക്ടർമാരായ എം.വി മനോജ്, എം.അനിൽകുമാർ,എം.എൻ ദിവാകരൻ നായർ , പി.എസ്.ബാബു, സബിത സലിം, ശ്രീദേവി അനിരുദ്ധൻ, കുഞ്ഞുമോൾ ബാബു, എസ്.സുബൈർ, സെക്രട്ടറി സോജൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.