തിരുവാർപ്പ് : തിരുവാർപ്പ് പഞ്ചായത്തിലെ കോട്ടവാതുക്കൽ നഹാസ് -സബീന ദമ്പതികളുടെ മകൻ ഇരുവൃക്കകളും തകരാറിലായ അൽഅമാന്റെ ചികിത്സയ്ക്കായി ഇന്നലെ തിരുവാർപ്പ് നിവാസികൾ നൽകിയത് 21 ലക്ഷം. അഞ്ചുമണിക്കൂർ കൊണ്ടാണ് ഇത്രയും തുക ലഭിച്ചത്. മാതാവ് സബീന ആണ് വൃക്ക നല്കുന്നത്. രണ്ടു വർഷത്തെ ചികിത്സയിലൂടെ കടബാദ്ധ്യതയിലായ നിർദ്ധന കുടുബത്തിനെ സഹായിക്കാനും കുരുന്നു ജീവൻ നിലനിറുത്താനുമാണ് പഞ്ചായത്തും, ചങ്ങനാശ്ശേരി പ്രത്യാശയും ചേർന്ന് തിരുവാർപ്പ് ജീവൻ രക്ഷാസമിതി രൂപീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ജനറൽ കൺവീനർ തോമസ് ജോസഫ്, പ്രത്യാശ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരി, വിവിധ ജനപ്രതിനിധികൾ, വാർഡു കൺവീനർമാർ എന്നിവർ നേതൃത്വം നൽകി.