എരുമേലി : എരുമേലി പഞ്ചായത്തിൽ 70 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പൊതുശ്മശാനം കാടുകയറി നശിക്കുന്നു. ഉദ്ഘാടനം നടത്തി മാസങ്ങളായിട്ടും ഇതുവരെ പ്രവർത്തനം ആരംഭിക്കാത്തതെന്തെന്ന ചോദ്യത്തിന് അധികൃതർക്കും ഉത്തരമില്ല. പഞ്ചായത്തിന് സ്വന്തമായുള്ള സ്ഥലത്ത് കവുങ്ങുംകുഴിയിലാണ് ശ്മശാനം പണി കഴിപ്പിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കാലാവധി പൂർത്തിയാക്കും മുൻപെയാണ് ശ്മശാനം ഉദ്ഘാടനം നടത്തിയത്. പുതുതായി ചുമതലയേറ്റ ഭരണസമിതിയും തുറക്കുന്നതിനായി കാര്യമായ നീക്കങ്ങൾ ആരംഭിച്ചില്ല. ജനറേറ്റർ ഉൾപ്പെടെ ആധുനിക സംവിധാനത്തോടെയാണ് എൽ.പി.ജി ശ്മശാനം നിർമ്മിച്ചിരിക്കുന്നത്. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സ്വന്തം സ്ഥലവും സൗകര്യവും ഇല്ലാത്ത നിർദ്ധന കുടുംബങ്ങളിലുള്ളവർക്ക് ശ്മശാനം പ്രയോജനപ്പെടും. ആറ് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുന്നതിനാണ് സംവിധാനം. ഫർണസ് സ്ഥാപിക്കൽ ഉൾപ്പെടെ അന്തിമ ജോലികൾ പൂർത്തിയാക്കിയാൽ ശ്മശാനം പ്രവർത്തിക്കാനാകും.

ലക്ഷങ്ങൾ സ്വാഹ !

ലക്ഷങ്ങൾ മുടക്കിയ ജനറേറ്റർ ഉൾപ്പെടെയുള്ളവ വെറുതെ കിടന്ന് നശിക്കുകയാണ്. സമീപ പഞ്ചായത്തുകളിലെല്ലാം ശ്മശാനം തുറന്നു നൽകിയിട്ടുണ്ട്. കനകപ്പലം കോളനി പ്രദേശങ്ങളിൽ മൂന്നും നാലും സെന്റ് ഭൂമിയിൽ വീടുവച്ച് കഴിയുന്നവർ മരിച്ചാൽ മൃതദേഹം സംസ്‌ക്കരിക്കാൻ കഴിയാതെ ബന്ധുക്കൾ നെട്ടോട്ടോമോടുമ്പോഴാണ് പഞ്ചായത്തിന്റെ കടുത്ത അനാസ്ഥ.

നിർമ്മാണ ചെലവ് : 70 ലക്ഷം

ആധുനിക സംവിധാനങ്ങൾ