കോട്ടയം : ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ദുരിതം വിതച്ച മണിമലയിലെ വ്യാപാരികൾക്ക് കേരളബാങ്ക് പ്രഖ്യാപിച്ച വായ്പ വിതരണം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. കേരളബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം, ചീഫ് ജനറൽ മാനേജർ കെ.സി സഹദേവൻ, കോട്ടയം റീജിയണൽ മാനേജർ കെ.എസ് സജിത്ത് തുടങ്ങിയവർ പങ്കെടുത്തു. മണിമല വ്യാപാരി വ്യവസായി ഏകോപനസമിതിയുമായി ചേർന്ന് 200 പേർക്കാണ് വായ്പ അനുവദിച്ചത്. കൂട്ടിക്കലിൽ സംഭവിച്ച ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ചവർക്ക് ആശ്വാസം നൽകുന്നതിന്റെ ഭാഗമായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈടില്ലാതെ ഒൻപതുശതമാനം പലിശയ്ക്കാണ് സുവിധ പദ്ധതിയിലൂടെ വ്യാപാരികൾക്ക് വായ്പ നൽകുന്നത്. വായ്പ എടുത്ത് രണ്ടുമാസത്തിന് ശേഷം തിരിച്ചടവ് ആരംഭിച്ചാൽ മതിയാകും. പലിശയുടെ നാലുശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.