കോട്ടയം : ഹൈക്കോടതി വിധി തിരിച്ചടിയായതോടെ ബലക്ഷയം നേരിടുന്ന തിരുനക്കരയിലെ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ചു നീക്കാൻ അധികൃതർ നടപടി തുടങ്ങി. ആദ്യഘട്ടമായി 15 ദിവസത്തിനകം മുറി ഒഴിയണമെന്നാവശ്യപ്പെട്ട് കച്ചവടക്കാർക്ക് നോട്ടീസ് നൽകി. വിവരാവകാശ പ്രവർത്തകൻ മഹേഷ് ചന്ദ്രൻ നൽകിയ ഹർജിയിലാണ് തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നത്. അതേ സമയം 2021 ൽ നിർദ്ദേശമുണ്ടായിട്ടും ഷോപ്പിംഗ് കോംപ്ലക്‌സ് പുനർ നിർമ്മിക്കാൻ നഗരസഭ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. 50 വർഷത്തിലേറെ പഴക്കമുള്ള കോംപ്ലക്‌സിന് ബലക്ഷയം നേരിട്ടിട്ട് വർഷങ്ങളായി. കോൺക്രീറ്റ് അടർന്ന് വീണ് യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്ന സംഭവവുമുണ്ടായിരുന്നു. പഴക്കം ചെന്ന കെട്ടിടത്തിൽ പാഴ്മരങ്ങൾ വളർന്ന് കയറിയും ബലക്ഷയം സംഭവിച്ചു. ഈ സാഹചര്യത്തിൽ നൽകിയ ഹർജിയിലെ വാദങ്ങൾ കോടതി ശരിവച്ചിരുന്നു. വിധി വന്നിട്ടും നടപ്പാക്കാത്തതിനെതിരെ കോടതിയെ സമീപിച്ചപ്പോഴാണ് നഗരസഭ എത്രയും വേഗം നടപടി എടുക്കണമെന്ന നിർദ്ദേശം ഉയർന്നത്.
അഗീകരിക്കില്ലെന്ന്
കെട്ടിടത്തിന് ബലക്ഷയമില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. കാലാകാലങ്ങളായി അറ്റകുറ്റപ്പണി നടത്തി കോംപ്ലക്‌സ് ബലപ്പെടുത്തിയിട്ടുണ്ട്. ഒഴിയണമെന്ന തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും വ്യാപാരികൾ പറഞ്ഞു. കോംപ്ലക്‌സ് പുനർനിർമ്മിച്ചതിന് ശേഷം വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാർ പറഞ്ഞു.