കോട്ടയം : ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.അന്യസംസ്ഥാന ലോറികളിലും വാഹനങ്ങളിലുമായി എത്തുന്നവരാണ് മാലിന്യങ്ങൾ റോഡരികിൽ വ്യാപകമായി നിക്ഷേപിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് നാഷണൽ പെർമിറ്റ് ലോറിയിൽ കെട്ട് കണക്കിന് പഴംതുണി ഉൾപ്പെടെയുള്ളവ തള്ളാനെത്തിയ തിരുനെൽവേലി സ്വദേശിയായ ഡ്രൈവറെ നഗരസഭ പ്രതിപക്ഷ കൗൺസിലർ അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഈരയിൽക്കടവ് ഭാഗത്തെ തരിശു പാടത്ത് മുൻപ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് നിത്യസംഭവമായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായതാണ് ഇതിന് സഹായകമായത്. വഴി വിളക്കുകൾ അടുത്തകാലത്താണ് ഇവിടെ തെളിഞ്ഞു തുടങ്ങിയത്. വ്യായാമത്തിന്റെ ഭാഗമായി നടക്കാൻ എത്തിയവരാണ് കഴിഞ്ഞ ദിവസവം മാലിന്യം തള്ളാനെത്തിയവരെ കണ്ടത്. തുടർന്ന് നാട്ടുകാരെയും കൗൺസിലറെയും വിവരമറിയിക്കുകയായിരുന്നു.