dosa

പാലാ: അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ പാലാ നഗരസഭ മാർക്കറ്റ് കോംപ്ലക്‌സിലെ 'ശരവണഭവൻ ' വെജിറ്റേറിയൻ ഹോട്ടലിൽ ഇന്നലെ പാലാ നഗരസഭ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു റാമിന്റെ നേതൃത്വത്തിൽ മിന്നൽപരിശോധന നടത്തി.

വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്ന് സംഘം സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഹോട്ടലിന്റെ അടുക്കള വളരെ വൃത്തിഹീനമാണെന്നും റിപ്പോർട്ടിലുണ്ട്. ഭക്ഷണം പാകം ചെയ്യുന്നിടത്തുതന്നെ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു.
ഗുരുതരമായ ക്രമക്കേടുകൾ എത്രയുംവേഗം പരിഹരിക്കണമെന്ന് ഹോട്ടൽ ലൈസൻസിയോട് ആവശ്യപ്പെട്ടതായി പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. വിലവിവര പട്ടികയ്ക്ക് പകരം മെനുകാർഡ് ഉണ്ടെന്നായിരുന്നു ഹോട്ടൽ ലൈസൻസികളുടെ വാദം. ഇതുപോരെന്നും പൊതുജനങ്ങൾ കാണുന്ന തരത്തിൽ എത്രയുംവേഗം വിലവിവരപട്ടിക പ്രദർശിപ്പിച്ചിരിക്കണമെന്നും ചെയർമാൻ കർശന നിർദ്ദേശം നൽകി.
കൊള്ളവില ഈടാക്കുന്നുവെന്ന പത്രവാർത്തയെ തുടർന്ന് സിവിൽ സപ്ലൈസ് അധികാരികളും ഹോട്ടലിൽ പരിശോധന നടത്തി. ബില്ലുകൾ ശേഖരിച്ച് തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതേ സമയം ഹോട്ടലിൽ അമിത വില ഈടാക്കുന്നവെന്ന പരാതിയുമായി പാലാ പൗരസമിതി രംഗത്ത് വന്നു. കൂടുതൽ വില ഈടാക്കിയ ബില്ലുകൾ സഹിതം പൗരസമിതി പ്രസിഡന്റ് പി. പോത്തൻ സിവിൽ സപ്ലൈസ് മന്ത്രി, ജില്ലാ കളക്ടർ, ജില്ലാ സപ്ലൈ ഓഫീസർ, മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസർ, പാലാ നഗരസഭ ചെയർമാൻ എന്നിവർക്ക് പരാതി നൽകി. ഈ പരിതിയിൻമേലും അടിയന്തര അന്വേഷണം നടത്തുമെന്ന് ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ ജലജാറാണി പറഞ്ഞു.