aravind

തലയോലപ്പറമ്പ് : ആറ്റിൽ കുളിക്കാനിറങ്ങിയ തിരുവനന്തപുരം പട്ടം ലക്ഷ്മി നഗറിൽ മാറക്കൽക്കുന്ന് പുളിവിള പുത്തൻവീട്ടിൽ ബി.തമ്പിയുടെ മകൻ ടി.അരവിന്ദ് (21) മുങ്ങി മരിച്ചു. ഇന്നലെ രാവിലെ 10 ഓടെ മൂവാറ്റുപുഴ ആറിന്റെ പാലാംകടവ് ഭഗത്താണ് അപകടം. സേവന കറിപ്പൊടിയുടെ വിതരണത്തിനായി വന്ന അരവിന്ദ് അടങ്ങുന്ന നാലംഗ സംഘം പാലാംകടവ് പാലത്തിന് താഴെയുള്ള കടവിൽ എത്തുകയായിരുന്നു. നീന്തൽ വശമായിരുന്ന അരവിന്ദ് പുഴയിൽ ഇറങ്ങി അല്പം നീന്തിയ ശേഷം കരയിലേക്ക് തിരികെ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളായ ആരോമൽ, റിഷി, അഭിജിത്ത് എന്നിവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്സെത്തി അരവിന്ദിനെ പുറത്തെടുത്ത് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ് : ചന്ദ്രിക. സഹോദരി : ഐശ്വര്യ.