വെച്ചൂർ : വെച്ചൂർ ഔട്ട് പോസ്റ്റ് പൊലീസ് സ്റ്റേഷനായി ഉയർത്തണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു. രാജഭരണകാലത്ത് സ്ഥാപിതമായതാണ് വെച്ചൂർ ഔട്ട് പോസ്റ്റ്. ആ പഴയ കെട്ടിടവും ഇപ്പോഴുമുണ്ട്. തിരുവിതാംകൂർ രാജവംശത്തിന്റെ ഔദ്യോഗിക ചിഹ്നമായ ശംഖുമുദ്ര വെച്ചൂർ ഔട്ട് പോസ്റ്റിന് മുന്നിൽ ഗതകാല പ്രൗഢിയുടെ നേർക്കാഴ്ചയായി ഇന്നുമുണ്ട്. വെച്ചൂർ, തലയാഴം പഞ്ചായത്തുകളെ ഉൾപ്പെടുത്തി പൊലീസ് സ്‌റ്റേഷൻ ആരംഭിക്കണമെന്ന ജനകീയാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാർഷിക മേഖലയായ വെച്ചൂർ, തലയാഴം പഞ്ചായത്തുകളടെ ഉൾ പ്രദേശങ്ങളിലും വിവിധ കോളനികളിലും തണ്ണീർമുക്കം ബണ്ട് തുടങ്ങിയ സ്ഥലങ്ങളിലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ 15 കിലോമീറ്റർ അകലെ വൈക്കത്ത് നിന്ന് പൊലീസ് എത്തുന്നത് പലപ്പോഴും ഫലപ്രദമാകാറില്ല. തലയാഴം, വെച്ചൂർ പഞ്ചായത്തുകളെ ബന്ധപെടുത്തി പൊലീസ് സ്റ്റേഷൻ ആരംഭിച്ചാൽ അപകടങ്ങൾ തുടർക്കഥയാകുന്ന ഇടയാഴം - കല്ലറ റോഡിലെ വാഹനാപകടങ്ങൾ കുറയ്ക്കാനും ഉൾപ്രദേശങ്ങളിലെ അക്രമ സംഭവങ്ങൾ ഇല്ലാതാക്കി ക്രമസമാധാനം ഉറപ്പാക്കാനുമാകും.

സാങ്കേതികത്വത്തിൽ കുടുങ്ങി

നിലവിൽ ഒരു അഡീഷണൽ എസ്.ഐയും, സിവിൽ പൊലീസ് ഓഫീസറും മാത്രമാണ് ഔട്ട് പോസ്റ്റിലുള്ളത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് വെച്ചൂർ ഔട്ട് പോസ്റ്റ് പൊലീസ് സ്റ്റേഷനായി ഉയർത്താൻ ശ്രമമുണ്ടായെങ്കിലും തുടർ നടപടി സാങ്കേതികത്വത്തിൽ കുടുങ്ങി. വിനോദസഞ്ചാര കേന്ദ്രമായ കുമരകം വെച്ചൂരിന്റെ സമീപ സ്ഥലമാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തണ്ണീർമുക്കം ബണ്ടിൽ വിനോദ സഞ്ചാരികൾ ധാരാളമെത്തുന്നുണ്ട്. രാത്രിയിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമാണ്. വെച്ചൂർ കേന്ദ്രീകരിച്ച് പൊലീസ് സ്‌റ്റേഷൻ യാഥാർത്ഥ്യമായാൽ നിലവിൽ കൈപ്പുഴമുട്ട് മുതൽ പൂത്തോട്ട വരെ അധികാര പരിധിയുള്ള വൈക്കം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാകും.

അക്രമസംഭവങ്ങൾ കൂടുന്നു

സാമൂഹ്യവിരുദ്ധശല്യം രൂക്ഷം

നിലവിൽ വൈക്കം സ്റ്റേഷൻ പരിധി