kavadi

വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയം ഭക്തിനിർഭരമായി. പാൽക്കാവടി, പഞ്ചാമൃതക്കാവടി ഭസ്മക്കാവടി നിലക്കാവടി എന്നിവയടക്കം നിരവധി കാവടികൾ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. പിതാവായ വൈക്കത്തപ്പന്റെ സന്നിധിയിൽ നിന്ന് കൊണ്ടുവന്ന രണ്ടു പാൽക്കാവടികളാണ് ഉദയനാപുരത്തപ്പന് ആദ്യം അഭിഷേകം നടത്തിയത്. വൈക്കം മേൽശാന്തിയുടെ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉദയനാപുരം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. വൈക്കം സമൂഹത്തിന്റെ പഞ്ചാമൃതക്കാവടി പഞ്ച വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം ഉദയനാപുരം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. കാവടി ഘോഷയാത്രക്ക് സമൂഹം ഭാരവാഹികളായ കെ.സി.കൃഷ്ണ മൂർത്തി , പി.ബാലചന്ദ്രൻ, ഗോപാലകൃഷ്ണൻ, സുബ്രഹ്മണ്യം എന്നിവർ നേതൃത്വം നല്കി. ഇരുമ്പൂഴിക്കര ആറാട്ടുകുളങ്ങരയിൽ നിന്ന് ബ്രാഹ്മണ സഭയുടെ പഞ്ചാമൃത കാവടി ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി.
കുട്ടുമ്മേൽ ദേവി ശരണം കാവടി സമാജത്തിന്റെ പ്രഥമ ഭസ്മ കാവടിയും ഇളനീർ താലവും കൂട്ടുമ്മേൽ ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടി യോടെ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. വൈക്കം ഷൺമുഖ വിലാസം കാവടി സമാജത്തിന്റെ എൺപത്തി ഒന്നാമത് ഭസ്മ കാവടി വൈകിട്ട് 4ന് വൈക്കം ഭാരത് കോളേജിൽ നിന്ന് വൈക്കം ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം ഉദയനാപുരം ക്ഷേത്രത്തിലെത്തി.