കോട്ടയം : ഗുണ്ടകൾ അടിച്ചുകൊന്ന ഷാൻ ബാബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം നൽകിയത് പിൻഭാഗം കുത്തിക്കെട്ടാതെ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച മന്ദിരം ആശുപത്രി അധികൃതരാണ് മൃതദേഹം കുത്തിക്കെട്ടിയിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് മന്ദിരം ആശുപത്രി അധികൃതർ കൊല്ലാട് എയ്ഞ്ചൽ ആംബുലൻസ് ഡ്രൈവർ ഷാൻ പാഷയെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാർ ഏറ്റുവാങ്ങുമ്പോഴാണ് മൃതദേഹത്തിന്റെ പിൻഭാഗം തുന്നിക്കെട്ടാതെയാണെന്ന് അറിയുന്നത്. സാധാരണ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ നൽകുന്ന വസ്ത്രം ധരിപ്പിച്ച ശേഷമാണ് മൃതദേഹം വിട്ടുനൽകാറുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തുന്നിക്കെട്ടാതെയും വസ്ത്രം ധരിപ്പിക്കാതെയും മൃതദേഹം വിട്ടുനൽകുന്നത് ആദ്യമായാണ് കാണുന്നതെന്ന് ആബുലൻസ് ഡ്രൈവർ ഷാൻ പാഷ പറഞ്ഞു. വീട്ടിലെത്തിച്ച ഷാന്റെ മൃതദേഹത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ഷാന്റെ പിതാവ് ബാബുവിന്റെ നാടായ കൊട്ടാരക്കരയിലെത്തിച്ച് മൃതദേഹം സംസ്‌കരിച്ചു.