മുണ്ടക്കയം: പ്രളയദുരന്തത്തിൽ ഒറ്റപ്പെട്ട ഏന്തയാർ ഇളംകാട് ടോപ്പ് പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്താൻ മ്ലാക്കര പാലത്തിന്റെ പുനർനിർമാണത്തിന് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി പാലം നിർമ്മാണം ആരംഭിക്കും. പ്രതിദിനം മുപ്പതോളം ബസ് സർവീസുകൾ ഉണ്ടായിരുന്ന ഈ റൂട്ടിൽ പാലം തകർന്നതോടെ 250 ഓളം കുടുംബങ്ങൾ ഒറ്റപെട്ട അവസ്ഥയിലായിരുന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിലേക്കുള്ള ഏക സഞ്ചാര മാർഗവും മ്ലാക്കര തോടിന് കുറുകെയുള്ള മ്ലാക്കര പാലമായിരുന്നു. മൂപ്പൻ മല പാലവും, 39 പാലവും, തകർന്നിരുന്നു. ഇതിന്റെ നിർമ്മാണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.