എരുമേലി: ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ചെമ്പകപ്പാറയിൽ വൃദ്ധസദനത്തോടു ചേർന്നുള്ള എരുമേലി പഞ്ചായത്തിന്റെ ഷീ ഹോസ്റ്റൽ അടഞ്ഞുതന്നെ. 40 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ഷീ ഹോസ്റ്റൽ 2020 ഒക്ടോബർ പത്തിനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം തട്ടിക്കൂട്ട് പരിപാടിയാണെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഉദ്ഘാടനം നടത്തിയെങ്കിലും കെട്ടിടത്തിൽ ഉപകരണങ്ങളൊന്നും സജ്ജമാക്കിയിരുന്നില്ല. ഉദ്ഘാടനത്തോടൊപ്പം തന്നെ ധൃതിയിൽ നിയമനങ്ങളും നടത്തിയിരുന്നു. ഷീ ഹോസ്റ്റലിലേക്ക് കെയർടേക്കർ, കുക്കർ, വാച്ചർ, ശുചീകരണ ജീവനക്കാർ തുടങ്ങിയവരെയാണ് നിയമിച്ചത്. എന്നാൽ, നിയമനം കിട്ടിയവർക്ക് നിരാശയായിരുന്നു ഫലം. പ്രവർത്തനം തുടങ്ങാത്തത് മൂലം ഇവർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ ഭരണസമിതി അംഗീകാരം നൽകാത്ത സാഹചര്യത്തിൽ ഈ നിയമനങ്ങൾ റദ്ദായ അവസ്ഥയിലാണ്. രണ്ട് സിംഗിൾ മുറികൾ, രണ്ട് ഡബിൾ മുറികൾ, അടുക്കള, ഡൈനിംഗ് ഹാൾ, പ്രവേശന ഹാൾ, ഓഫീസ് മുറി, ശൗചാലയം എന്നിവയുൾപ്പെടുന്ന കെട്ടിട സമുച്ചയമാണ് ഷീ ഹോസ്റ്റലിനായി നിർമ്മിച്ചത്. വനിതകൾക്ക് നിർഭയം താമസിക്കാൻ കുറഞ്ഞ ചെലവിൽ സുരക്ഷിതമായ സൗകര്യം ഒരുക്കുക എന്നതാണ് ഷീ ഹോസ്റ്റലിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ഫണ്ടാണ് പ്രശ്നം
നടത്തിപ്പിന് മാസംതോറും ജീവനക്കാർക്ക് വേതനം, വൈദ്യുതി വാടക ഉൾപ്പെടെ വലിയയൊരു തുക ചെലവിടേണ്ടി വരും. ഈ തുക പഞ്ചായത്ത് ഫണ്ടിൽ നിന്ന് കണ്ടെത്തണം. ഇത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്.