
കോട്ടയം : കുഞ്ഞനുജന് പുതിയ കണ്ണാടിയും വാച്ചും വാങ്ങി കാത്ത് നിന്ന ഷാരോണിന്റെ മുന്നിലേക്ക് എത്തിയത് ഷാന്റെ വികൃതമായ ശരീരം. പരിസരം മറന്ന് അലറിക്കരഞ്ഞ ഷാരോണിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കൂടി നിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. ഏറെ നാളായി ഷാൻ സഹോദരിയോട് പുതിയ കണ്ണാടിയും വാച്ചും വാങ്ങിത്തരാനായി ആവശ്യപ്പെട്ടിരുന്നു. പക്ഷെ വാക്ക് പാലിക്കാൻ ഷാരോണിന് കഴിഞ്ഞിരുന്നില്ല. 'കുഞ്ഞൂ ഇന്നാ നിനക്ക് വാങ്ങി നൽകാം എന്ന് പറഞ്ഞ വാച്ച് നീ കണ്ണ്തുറന്ന് ഇതൊന്ന് നോക്കിക്കെ, വേഗം അതൊന്ന് കെട്ടിക്കാണിച്ചെ ' എന്ന് ആർത്തലച്ച് ഷാന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്ന ഷാരോൺ നാട്ടുകാർക്കും നൊമ്പരമായി.