ചങ്ങനാശേരി: മകരച്ചൂടിനെ അവഗണിച്ച് കാവടിയെടുത്ത് ഹരോ.ഹര നാമജപവുമായി ഭക്തർ പെരുന്നയുടെ ദേശനാഥന് മുന്നിലേയ്ക്ക് കാൽനടയായി എത്തി. പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ രണ്ടുദിനം നീണ്ട തൈപ്പൂയാഘോഷം സമാപിച്ചു. കിഴക്കും ഭാഗം കാവടിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരണത്തുകാവ് ദേവീക്ഷേത്രത്തിൽ നിന്നായിരുന്നു കാവടിഘോഷയാത്ര. ചോറ്റിക്കാവടി, പീലിക്കാവടി, കരകം, മയൂരനൃത്തം തുടങ്ങിയ കലാരൂപങ്ങൾ അകമ്പടിയായി.പടിഞ്ഞാറ്റുംഭാഗം വക കാവടി ഘോഷയാത്ര പെരുന്ന പടിഞ്ഞാറ് ശ്രീവാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നും കരകം, പീലിക്കാവടി. എന്നിവയുടെ അകമ്പടിയോടെ പനച്ചിക്കാവ് ദേവീക്ഷേത്രസന്നിധിയിലെത്തിയശേഷം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെത്തിച്ചേർന്നു.