വൈക്കം:തലയാഴം മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിലെ നെൽകൃഷിയടക്കമുള്ള വിളകൾ സംരക്ഷിക്കാൻ കുറിച്ചികുന്നേൽ മംഗലത്തുതോട്ടിലെ മുട്ട് ചീപ്പോടെ നിർമ്മിക്കുന്നതിന് പദ്ധതി തയാറാക്കണമെന്ന ആവശ്യമുയരുന്നു. 30 ഏക്കർ വിസ്തൃതിയുള്ള മംഗലത്തു പാടശേഖരത്തിലെ നെൽകൃഷിയും വാഴ, കപ്പ, പച്ചക്കറി, മത്സ്യകൃഷി തുടങ്ങിയവും മംഗലത്തു മുട്ട് തകർന്നാണ് പലപ്പോഴും വെള്ളംകയറി നശിക്കുന്നത്. പാടശേഖരത്തിന് സമീപത്തെ രാജീവ് ഗാന്ധി ലക്ഷംവീട് കോളനികളിലെ 70 ഓളം വീടുകളിലും കോളനിക്കു പുറത്തെ 100 ഓളം വീടുകളിലും വെള്ലം കയറാനും നീരൊഴുക്കു കുറഞ്ഞ കുറിച്ചികുന്നേൽമംഗലത്തു തോട് കാരണമാകുന്നുണ്ട്. വർഷ കാലത്ത് കർഷകർ തന്നെ ഏറെ പണം മുടക്കിയാണ് മുട്ടിടുന്നത്. മുട്ട് പലപ്പോഴും തകരുന്നത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നു. വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട മൂന്ന് കിലോമീറ്ററിലധികം ദൈർഘ്യം വരുന്ന തോട് ആഴം കൂട്ടി ശുചീകരിക്കണമെന്ന് മംഗലത്തുകരി കിഴക്കുപുറീ പാടശേഖര സമിതി പ്രസിഡന്റ് തങ്കപ്പൻനായർ ഇല്ലത്തുപറമ്പിൽ, സെക്രട്ടറി മനോജ് ലൂക്ക് എന്നിവർ ചൂണ്ടിക്കാട്ടി.
പദ്ധതി തയാറാക്കും
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി.എസ്.പുഷ്പമണി, ബ്ലോക്ക് പഞ്ചായത്തംഗം സുജാത മധു എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മംഗലത്തുകരി മുട്ട് നിർമ്മിക്കുന്നതിന് പദ്ധതി തയാറാക്കുമെന്ന് പി.എസ് പുഷ്പമണി പറഞ്ഞു.