വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ രംഗത്ത്. ഭരണസമിതിക്കും ജനപ്രതിനിധികൾക്കും പുല്ലുവില കൽപിച്ചുകൊണ്ടുള്ള ഉദ്യോഗസ്ഥരുടെ ഭരണം പഞ്ചായത്തിൽ അരാജകത്വം സൃഷ്ടിക്കുകയാണെന്നാണ് ആക്ഷേപം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ ഒരുവിഭാഗം ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുകയാണെന്ന് സി.പി.ഐ ചെട്ടിമംഗലം ബ്രാഞ്ച് യോഗത്തിൽ ആക്ഷേപമുയർന്നു. പഞ്ചായത്ത് പ്രസിഡന്റോ മെമ്പർമാരോ ആവശ്യപ്പെടുന്ന ന്യായമായ കാര്യങ്ങൾപോലും ചെയ്തുകൊടുക്കാൻ തയാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി കെ.എം മുരളീധരൻ, ലോക്കൽ കമ്മിറ്റി അംഗം കെ.കെ സാബു, ബ്രാഞ്ച് സെക്രട്ടറി സി.ജി സന്ദീപ്, പി ബാബു, ടി.എ ജോസഫ്, എം.സുനിൽ എന്നിവർ പ്രസംഗിച്ചു.