വൈക്കം: ജന്മനാടിനായി സ്വയം സമർപ്പിച്ച അനേക ലക്ഷങ്ങളുടെ ജീവത്യാഗമാണ് നാം അനുഭവിക്കുന്ന സ്വാതന്ത്രമെന്നും രാഷ്ട്ര സ്‌നേഹമെന്നത് രക്തത്തിൽ കലർന്ന വികാരമായി മാറ്റുവാൻ വിദ്യാർത്ഥി സമൂഹത്തിന് കഴിയണമെന്നും ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടർ പി ജി എം നായർ കാരിക്കോട് പറഞ്ഞു.
ഭാരത സർക്കാർ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് ,ഫീൽഡ് ഔട്ട്രീച്ച് ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ വൈക്കം ശ്രീമഹാദേവ കോളേജിൽ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോളേജ് വൈസ് പ്രിൻസിപ്പൽ പി.കെ. നിതിയ അദ്ധ്യക്ഷത വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗ മത്സരം , സൗഹൃദ ഫുൾബോൾ മത്സരം എന്നിവ സംഘടിപ്പിച്ചു. തണ്ണീർമുക്കം സദാശിവന്റെ നേതൃത്വത്തിലുള്ള സാംസ്‌ക്കാരിക പരിപാടികൾ നടന്നു. എൻ.ജി. ഇന്ദിര കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. ഫീൽഡ് ഔട്ട്രീച്ച് ബ്യൂറോ അസി. ഡയറക്ടർ സുധ എൻ. നമ്പൂതിരി പദ്ധതി വിശദീകരിച്ചു. ജില്ലാ പബ്ലിസിറ്റി അസിസ്റ്റന്റ് സരിൻ ലാൽ മുഖ്യപ്രഭാഷണം നടത്തി. മാനേജർ ബി. മായ സമ്മാനദാനം നിർവഹിച്ചു. ആര്യ എസ് നായർ, ധനൂപ് വർമ്മ, ഐശ്വര്യ എസ്, ടിന്റു അരവിന്ദ്, അനുപ പി നാഥ് , സ്‌നേഹ എസ് പണിക്കർ, ശ്രീലക്ഷ്മി ചന്ദ്രശേഖർ ,ശ്രീജ എം എസ് , ആഷ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.