അരക്കോടി ചെലവിട്ട് നിർമ്മിച്ച ആധുനിക അറവുശാല പ്രവർത്തനരഹിതം
എരുമേലി: ചെലവിട്ട് ലക്ഷങ്ങൾ. ആർക്കെന്ത് പ്രയോജനമെന്ന നാട്ടുകാരും. എരുമേലിയിലെ അത്യാധുനിക അറവുശാല കണ്ട് ആരും മൂക്കത്ത് വിരൽവെച്ചുപോകും. 50 ലക്ഷം ചെലവിട്ട് നിർമ്മിച്ച അത്യാധുനിക അറവുശാല ഉദ്ഘാടനം ചെയ്തിട്ടും പ്രവർത്തനം ആരംഭിച്ചില്ല. ഒടുവിൽ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ മാലിന്യ ശേഖരണകേന്ദ്രമായി മാറിയിരിക്കുകയാണ് അറവുശാല . നേർച്ചപ്പാറ വാർഡിൽ കമുകിൻകുഴിയിലാണ് അറവുശാല സ്ഥിതി ചെയ്യുന്നത്.
ഏതാനും മാസങ്ങളായി പഞ്ചായത്തിലുടനീളമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചെത്തിക്കുന്നത് ഇപ്പോൾ അറവുശാലയിലാണ്.
15 വർഷം മുമ്പാണ് 35 ലക്ഷം ചെലവിട്ട് സർക്കാർ ഏജൻസിയായ കെൽ അറവുശാലയുടെ നിർമാണം നടത്തിയത്. അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. പ്രവർത്തനം ആരംഭിക്കാതെ വർഷങ്ങൾ കഴിഞ്ഞതോടെ പഞ്ചായത്തുകളുടെ ലോക്കൽ ഫണ്ട് വിനിയോഗം സംബന്ധിച്ച് ആക്ഷേപങ്ങൾ പരിഹരിക്കുന്ന നിയമസഭാ സമിതിയിൽ പരാതിയെത്തി. ഹിയറിംഗ് നടത്തിയ സമിതി ചെയർമാൻ മൂന്നു മാസത്തിനകം പ്രവർത്തനം ആരംഭിക്കണമെന്ന് 2019ൽ നിർദേശം നൽകി. ഉടൻ പ്രവർത്തനം ആരംഭിക്കാമെന്ന് ഹിയറിംഗിൽ പങ്കെടുത്ത പഞ്ചായത്ത് സെക്രട്ടറി ഉറപ്പു നൽകിയതോടെ അറവുശാലയിൽ തുരുമ്പെടുത്തുകൊണ്ടിരുന്ന യന്ത്ര സാമഗ്രികൾ 15 ലക്ഷം ചെലവിട്ട് നവീകരിച്ചു. തുടർന്ന് പ്രവർത്തനം ആരംഭിക്കാൻ സർക്കാർ അനുമതി അഭ്യർഥിച്ച് കത്ത് നൽകിയെന്നാണ് അന്നു പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.എസ്. കൃഷ്ണകുമാർ അറിയിച്ചത്. പക്ഷേ തുടർനടപടികൾ ഉണ്ടായില്ല.
വൻനഷ്ടം
പൊതുഅറവുശാല ഇല്ലെങ്കിൽ കശാപ്പുകടകൾക്ക് പഞ്ചായത്ത് ലൈസൻസ് ലഭിക്കില്ല.ലൈസൻസ് ഇനത്തിൽ ലഭിക്കേണ്ട വരുമാനം ഇതുമൂലം നഷ്ടപ്പെടുകയാണ്. ഒപ്പം ലൈസൻസില്ലാത്തതിനാൽ കശാപ്പുകടകളെല്ലാം അനധികൃതമായി.