കുമരകം: അപകടമേഖലയായി കുമരകം റോഡ്. കുമരകം ചന്തകവല മുതൽ കവണാറ്റിൻകരവരെയുള്ള ഭാഗമാണ് അപകടമേഖല. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ഭാഗത്ത് മാത്രം 10 വാഹനാപകടങ്ങളുണ്ടായി. നാല് പേർക്കാണ് വിവിധ അപകടങ്ങളിൽ ജീവൻ നഷ്ടമായത്. നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അർത്തുങ്കൽ യാത്ര കഴിഞ്ഞ് മടങ്ങിയ കുടുംബം ഇവിടെ അപകടത്തിൽപെട്ടിരുന്നു. അപകടത്തിൽ ഒന്നര വയസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ചന്തക്കവലയിലെ ഗുരുമന്ദിരത്തിനു സമീപം നിയന്ത്രണംവിട്ട ബൈക്ക് പഴക്കടയിൽ ഇടിച്ച് മറിഞ്ഞു യുവാവിന് ജീവൻ നഷ്ടമായിരുന്നു. രണ്ടാഴ്ചകൾക്ക് മുമ്പ് കവണാറ്റിൻകര ബാങ്ക് പടിക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചും ഒരാൾ മരിച്ചു.
പരിശോധന കർശനമാക്കണം
അപകടങ്ങൾക്ക് പ്രധാന കാരണം വാഹനങ്ങളുടെ അമിതവേഗതയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് പൊലീസിന്റെ നിരീക്ഷണവും പരിശോധനയും കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.